
ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചേർത്തലയുടെ ഭാഗമായ വിശപ്പുരഹിത ചേർത്തല ആയിരം ദിനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി സി.പി.എം പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 105 ചാക്ക് അരിയും,പച്ചക്കറിയും,പലചരക്ക് ഉൾപ്പെടെ മറ്റ് ഭക്ഷ്യധാന്യങ്ങളും കൈമാറി.
ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 5 പഞ്ചായത്തുകളിലെയും 300ലധികം വരുന്ന നിരാലംബരായ ജനങ്ങൾക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് വിശപ്പുരഹിത ചേർത്തല. കൊവിഡ് രൂക്ഷമായിട്ടും കഴിഞ്ഞ ആയിരം ദിവസമായി മുടക്കമില്ലാതെ ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന്റെ ഫ്ലാഗ് ഒഫ് സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.രാജപ്പൻ നായർ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്യാം കുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ആർ.രാജേഷ്,എം.വി.മണിക്കുട്ടൻ,കെ.കെ.രമേശൻ, എൻ.കെ.മോഹൻദാസ് എന്നിവർ പങ്കെടുത്തു.