ചേർത്തല:നിയന്ത്റണങ്ങൾ ശക്തമാക്കുമ്പോഴും ചേർത്തല നഗരത്തിലും സമീപ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. ചേർത്തല തെക്ക്,കടക്കരപ്പള്ളി,വയലാർ,തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം.
നഗരത്തിലെ പ്രധാന മാർക്കറ്റായ മുട്ടം മാർക്കറ്റ് അടക്കമുള്ള വ്യാപാര കേന്ദ്രങ്ങൾ അടച്ചു. രോഗികളുടെ എണ്ണം കൂടുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്റണം ശക്തമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
നഗരത്തിൽ ഇന്നലെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചേർത്തലതെക്ക് പഞ്ചായത്തിൽ 21 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.13-ാം വാർഡിൽ മാത്രം 14 പേരിലാണ് രോഗം കണ്ടെത്തിയത്.ഇവിടെ കടുത്ത നിയന്ത്റണത്തിന് പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. താലൂക്കിൽ തന്നെ ഏറ്റവുമധികം രോഗികളുണ്ടായ കടക്കരപ്പള്ളിയിൽ ഇന്നലെ 22 പേർക്കാണ് രോഗം കണ്ടെത്തിയത്. 9, 10, 11 വാർഡുകളിലാണ് നിലവിൽ പ്രതിസന്ധിയുള്ളത്.
തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിലെ ഒരു വീട്ടിൽ മാത്രം അഞ്ചു പേർക്കു രോഗം സ്ഥിരീകരിച്ചു.വയലാറിൽ 50 പേരുടെ പരിശോധന നടത്തിയതിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു.
വയോജനങ്ങൾക്കും മറ്റ് രോഗങ്ങൾ നേരിടുന്നവർക്കും പ്രധാന്യം നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.ഇതിന്റെ ഭാഗമായി വ്യാപാരി പ്രതിനിധികളുടെയും സന്നദ്ധ സർവീസ് സംഘടന പ്രതിനിധികളുടെയും യോഗം ചേർത്തല തഹസിൽദാർ ആർ.ഉഷയുടെ നേതൃത്വത്തിൽ ഓൺലൈനിലൂടെ നടത്തിയിരുന്നു.