അമ്പലപ്പുഴ: വൃക്കരോഗത്തെത്തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയിൽ മരിക്കുകയും ചെയ്തയാളുടെ കൊവിഡ് പരിശോധനാ ഫലത്തിലുണ്ടായ പിഴവ് കൂട്ടക്കുഴപ്പത്തിന് ഇടയാക്കി. നെഗറ്റീവ് എന്ന ഫലത്തെത്തുടർന്ന് മൃതദേഹം ആംബുലൻസിൽ വീട്ടിലേക്കയച്ച ആശുപത്രി അധികൃതർ, പാതിവഴിയിൽ ആംബുലൻസ് തിരികെ വിളിച്ചു; കാരണം പറഞ്ഞത് ക്ളറിക്കൽ മിസ്റ്റേക്ക്!
പട്ടണക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് സൻഫർ മൻസിലിൽ സിയാവുദ്ദീന്റെ (62) കൊവിഡ് പരിശോധന ഫലമാണ് മരണശേഷം മാറിമറിഞ്ഞത്. ഞായറാഴ്ച രാത്രി 10 ഓടെയായിരുന്നു മരണം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെ കൊവിഡ് ഫലം നെഗറ്റീവ് ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ പട്ടണക്കാട്ടേക്കു പുറപ്പെട്ടു. ആംബുലൻസ് പുന്നപ്രഅറവുകാട് ഭാഗത്തെത്തിയപ്പോൾ കൊവിഡ് ഫലം പോസിറ്റീവ് ആണെന്നും മൃതദേഹം തിരികെ മോർച്ചറിയിൽ എത്തിക്കണമെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മൃതദേഹം ആംബുലൻസിൽ തിരികെ മോർച്ചറിയിൽ എത്തിച്ചു.തുടർന്ന് ബന്ധുക്കളും, ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. ക്ലറിക്കൽ പിഴവാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഇന്ന് തുടർ പരിശോധനയുടെ അടിസ്ഥാനത്തിൽ തീരുമാനമുണ്ടാകും.