അരൂർ: ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ എരമല്ലൂർ മജീദ് മാൻസിലിൽ നാസറിന് (36) പരിക്കേറ്റു.ഇയാളെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലെത്തിയ നാലുപേരാണ് ഇരുമ്പു വടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി നാസറിനെ ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാതയിൽ അരൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഞായറാഴ്ച രാത്രി 7നായിരുന്നു സംഭവം. അരൂരിലെ സമുദ്രോത്പന്ന സംസ്കരണ ശാലയിലെ ജോലിക്കാരനായ നാസർ, ഒപ്പം ജോലി ചെയ്യുന്നതും അക്രമിസംഘത്തിലൊരാളുടെ മാതാവുമായ സ്ത്രീയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് അരൂർ പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി അരൂർ സി.ഐ സി.കെ.സുബ്രഹ്മണ്യൻ പറഞ്ഞു.