അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാത്തത് പ്രതിസന്ധി
ആലപ്പുഴ: കൊവിഡിനെത്തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും സ്ഥലം വിട്ടതോടെ പണിയിൽ വൈദഗ്ദ്ധ്യമുള്ളവരുടെ അഭാവം നിർമ്മാണമേഖലയെ തളർത്തുന്നു. തുലാവർഷം പിന്നിട്ട് നവംബർ അവസാനത്തോടെ അടുത്ത സീസൺ ആരംഭിക്കും. കേരളത്തിലെ തൊഴിലാളികൾക്ക് വേണ്ടത്ര പരിശീലനമില്ലാത്തത് വമ്പൻ നിർമ്മാണ പ്രവൃത്തികളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വലിയ കെട്ടിടങ്ങളുടെ ഫൗണ്ടേഷന് മണ്ണിടുന്ന പ്രവൃത്തിക്കു പോലും ശാസ്ത്രീയത ആവശ്യമാണ്. കോൺക്രീറ്റ് തയ്യാറാക്കുന്നതിലും തുടർച്ചയായ 28 ദിവസം നൽകേണ്ട പരിചരണത്തിലും വിദഗ്ദ്ധ തൊഴിലാളിയുടെ കൈയൊപ്പ് ആവശ്യമുണ്ട്. ശരിയായ പണി അറിയാത്തവർ വലിയ നിർമ്മാണ പ്രവൃത്തികളിൽ ഭാഗമാകുന്നത് കെട്ടിടങ്ങളുടെ ഉറപ്പിനെപ്പോലും ബാധിക്കും. കൊവിഡ് രൂക്ഷമായതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല ഏറെക്കുറെ നിർജീവാവസ്ഥയിലാണ്. ക്വാറികളിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ നിർമ്മാണ വസ്തുക്കളുടെ ലഭ്യതയിൽ ക്ഷാമമുണ്ട്. ട്രാൻസ്പോർട്ട് ഏജൻസികൾ ഓട്ടം വെട്ടിച്ചുരുക്കിയതോടെ സാമഗ്രികൾ പ്രവൃത്തി സ്ഥലങ്ങളിൽ എത്തിക്കാനും കാലതാമസം നേരിടുകയാണ്.
പല കരാർ ജോലികളും ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു. തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് കരാറുകാരുടെ പ്രധാന പരാതി. സിമന്റിനും കമ്പിക്കുമടക്കം കൊവിഡ് തുടക്കത്തിലുണ്ടായ വിലവർദ്ധന മാറ്റമില്ലാതെ തുടരുകയാണ്. റീ ബിൽഡ് കേരള, ലൈഫ് പദ്ധതി ഉൾപ്പെടെ പ്രധാന നിർമ്മാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഒരു വർഷം കൊണ്ട് പൂർത്തിയാകേണ്ട പ്രവൃത്തികൾ രണ്ടു വർഷം വരെ നീണ്ടുപോകാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കരാറുകാർ പറയുന്നു.
.................... .....
പരിശീലനം വേണം
ഓരോ കരാർ ബില്ലിൽ നിന്നും ഒരു ശതമാനം തുക തൊഴിലാളി ക്ഷേമനിധി ബോർഡ് പിടിക്കുന്നുണ്ട്. ഈ പണത്തിന്റെ പകുതി മാത്രം ഉപയോഗിച്ചാൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് പരിശീലനം നൽകാൻ സർക്കാരിന് സാധിക്കും. വിദഗ്ദ്ധരായ എൻജിനീയർമാരെയും, എൻജിനീയറിംഗ് സ്റ്റാഫിനെയും ഉപയോഗിച്ച് പരിശീലനം നൽകണം. ഇത്തരത്തിൽ ട്രെയിനിംഗ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്ന തൊഴിലാളിക്ക് രാജ്യത്തെവിടെയും തന്റെ തൊഴിൽ ചെയ്യാൻ അവസരമൊരുങ്ങും. ഉറപ്പുള്ള കെട്ടിടങ്ങൾ പടുത്തുയർത്താൻ ഇത് സഹായകമാകും.
...............................
വിദഗ്ദ്ധരായ തൊഴിലാളികളെ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധിയാണ്. കേരളീയരായാലും അന്യസംസ്ഥാനക്കാരായാലും കൃത്യമായ പരിശീലനം നേടിയ ശേഷം വേണം ജോലിക്കിറങ്ങാൻ. അല്ലാത്തപക്ഷം നിർമ്മാണം സാങ്കേതികമായി പരാജയമാകും
വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
..................................
# പ്രതിസന്ധികൾ
ക്വാറികളിൽ ആവശ്യത്തിന് തൊഴിലാളികളില്ല
ഗതാഗത സംവിധാനങ്ങളുടെ അഭാവം
തിരികെ വരാതെ അന്യസംസ്ഥാന തൊഴിലാളികൾ