t

ആലപ്പുഴ: കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭ ദിനത്തിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, കൊവിഡ് പശ്ചാത്തലത്തിൽ ആശയക്കുഴപ്പത്തിലാണ് ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള പരമ്പരാഗത കേന്ദ്രങ്ങൾ. ദിവസം കഴിയുംതോറും കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻ വർഷങ്ങളിലേതുപോലെ ആഘോഷമായി ഇക്കുറി വിദ്യാരംഭ ചടങ്ങുകൾ നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല.

ക്ഷേത്രങ്ങളാണ് ഹരിശ്രീ കുറിക്കലിന്റെ പ്രധാന കേന്ദ്രങ്ങൾ. മാദ്ധ്യമ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഗുരുസ്ഥാനീയരുടെ വീടുകൾ എന്നിവിടങ്ങളിലും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചിരുന്നു. പക്ഷേ, ഇക്കുറി കൊവിഡ് വട്ടം കിടക്കുന്നതിനാൽ യാതൊന്നും തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് സംഘാടകർ. ഒപ്പം, 31 വരെയുള്ള നിലവിലെ നിരോധനാജ്ഞയും പ്രതിസന്ധിയാവും.

10 വയസിനു താഴെയുള്ള കുട്ടികളെ യാതൊരു കാരണവശാലും വീടിനു പുറത്തിറക്കരുതെന്നാണ് കൊവിഡ് മാനദണ്ഡങ്ങളിലൊന്ന്. കുട്ടികളുമായി പുറത്തിറങ്ങിയാൽ രക്ഷാകർത്താക്കൾക്ക് എതിരെ ദുരന്തനിവാരണ നിയമ പ്രകാരം കേസും പിഴയും ഈടാക്കാൻ വകുപ്പുണ്ട്. സമ്പർക്കത്തിലൂടെ വേഗത്തിലുള്ള രോഗ വ്യാപന സാദ്ധ്യത കണക്കിലെടുത്താണിത്.

വിജയദശമി 26ന്

വരുന്ന 26ന് ആണ് വിജയദശമി. ജില്ലയിൽ ഇത്തവണ 30,000ൽ അധികം കുട്ടികൾ ആദ്യക്ഷരമെഴുതാൻ തയ്യാറായി നിൽപ്പുണ്ട്. സംഗീതം,നൃത്തം അടക്കമുള്ള കലകൾക്കും തുടക്കം കുറിക്കാൻ വിജയദശമി സുദിനം തിരഞ്ഞെടുക്കാറുണ്ട്.

......................................

വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. നിലവിലുള്ള മാർഗനിർദേശത്തിൽ ഇളവ് അനുവദിച്ചിട്ടുമില്ല. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരും ജില്ലാ ഭരണകൂടവുമാണ്

ഡോ. എൽ. അനിതകുമാരി, ഡി.എം.ഒ, ആലപ്പുഴ

...................................

കൊവിഡ് ആണെങ്കിലും പൂജവയ്പ്പ്, വിജയദശമി, മഹാനവമി പൂജകൾ ക്ഷേത്രങ്ങളിൽ നടത്തേണ്ടതുണ്ട്. മുൻകാലങ്ങളിലെ പോലെ ആദ്യഅക്ഷരം കുറിക്കൽ ചടങ്ങിനുള്ള സാദ്ധ്യതയില്ല. പകരം ക്ഷേത്രങ്ങളിലെ സരസ്വതി മണ്ഡപത്തിന് മുന്നിൽ സാമൂഹിക അകലം പാലിച്ച് രക്ഷാകർത്താക്കൾ തന്നെ ആചാര്യന്റെ നിർദേശപ്രകരം മന്ത്രങ്ങൾ ഏറ്റ് ചൊല്ലിയശേഷം ആദ്യക്ഷരം വരപ്പിക്കണം

ദേവൻ സനൽനാരായണൻ നമ്പൂതിരി, ക്ഷേത്രം തന്ത്രി, ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട്