t

ആലപ്പുഴ: ഡ്രൈവർമാർ മരത്തിൽ കാണുമ്പോൾ മാനത്ത് കാണുന്നതാണ് മോട്ടോർവാഹന വകുപ്പിന്റെ ശൈലി. വഴിവക്കിലെ കാമറ, സ്പീഡ് ഗവർണർ, ഇന്റർസെപ്ടർ തുടങ്ങി നിരത്തിലെ വെട്ടിപ്പും തട്ടിപ്പും തടയാൻ പലവിധ മാർഗങ്ങൾ വേദിയിൽ അവതരിപ്പിച്ച് വിജയകരമായി മുന്നേറുന്ന വകുപ്പിന്റെ ഏറ്റവും പുതിയ ഐറ്റമായ 'എം-പരിവാഹൻ' ജില്ലയിലും പടർന്നുകയറുന്നു.

ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം പരിവാഹൻ ഇതുവരെയുള്ള ഇനങ്ങൾ പോലെ 'പാര'യല്ല, ഗുണമാണ്.

വാഹനത്തിന്റെ ബുക്കും പേപ്പറും കയ്യിലില്ലെങ്കിലും പൊലീസിനെയോ മോട്ടോർ വാഹന വകുപ്പിനെയോ ഭയക്കേണ്ട. എല്ലാ വിവരങ്ങളും പരിവാഹൻ വഴി മൊബൈലിലെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാം. നാഷണൽ ഇൻഫർമാറ്റിക് സെന്റർ വികസിപ്പിച്ചെടുത്ത എം പരിവാഹൻ ആപ്പ് ജില്ലയിലും വ്യാപകമായി. പ്ലേസ്റ്റോറിൽ നിന്നുവേണം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ. അതിന് മുമ്പ് വാഹൻ സൈറ്റിൽ കയറി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലക്ട്രോണിക് രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കും. പരിശോധനയ്ക്കിടെ ബുക്കും പേപ്പറും എടുക്കാൻ മറന്നതിന്റെ പേരിൽ പിഴയടയ്ക്കേണ്ടി വരില്ല. ഇൗ വിവരങ്ങൾ എല്ലാം തന്നെ എം പരിവാഹൻ ഉപയോഗിക്കുന്ന മറ്റൊരാളുമായി ഷെയർ ചെയ്യാൻ പറ്റും.

..........................

 എം പരിവാഹൻ

ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് എടക്കേണ്ടത്. വെർച്വൽ ആർ.സി എടുക്കാനായി വാഹനത്തിന്റെ രജിസ്റ്റർ നമ്പർ നൽകണം. നാലക്ക നമ്പർ ഫോർമാറ്റിൽ വേണം നൽകാൻ. മൂന്നക്ക നമ്പരാണെങ്കിൽ തുടക്കത്തിൽ പൂജ്യം ചേർക്കണം. സെർച്ച് ബാറിൽ നമ്പർ നൽകിയാൽ വാഹനത്തിന്റെ പൂർണവിവരങ്ങൾ കാണാൻ കഴിയും. ആഡ് ടു ഡാഷ് ബോർഡ് ഫോർ വെർച്വൽ ആർ.സി എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവയുടെ അവസാനത്തെ നാലക്കം നൽകിയാൽ വെർച്വൽ ആർ.സി എടുക്കാം. സ്പേയ്സ് ഇട്ട് നമ്പർ അടിച്ചാൽ വിവരങ്ങൾ അപ് ലോഡ് ആകില്ല. ഇതുപോലെ തന്നെയാണ് വെർച്വൽ ലൈസൻസും എടക്കേണ്ടത്. ലൈസൻസിന്റെ നമ്പർ നൽകിയാൽ മതിയാകും.

 ഡിജിറ്റലിൽ ആർ.സി

# പഴയത്......... KL04AN777

# പുതിയ രീതി.......KL04AN0777

 ഡിജിറ്റൽ ലൈസൻസ്

# പഴയത്...........KL04/2838/1998

# പുതിയത്.........KL0419980002838

..........

# കാർഡ് സ്വീകരിക്കും

നിയമലംഘനം ഉണ്ടായാൽ പിഴ ഒാൺലൈനായി അടയ്ക്കാം. എ.ടി.എം കാർഡ് നൽകിയാൽ മതി, മെഷീൻ ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരിക്കും. വാഹനത്തിന്റെ പൂർണ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ ഫോണിൽ ലഭ്യമാണ്

..............

ആർ.സി, ലൈസൻസ്, ഇൻഷ്വറൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും എം പരിവാഹനിലൂടെ ലഭിക്കും.ഇന്ത്യയിൽ എവിടെയും ഏതുപരിശോധനയിലും ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ പങ്കുവച്ചാൽ മതിയാകും. വിവരങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയാൽ ഔദ്യോഗികമായി രേഖകൾ സമർപ്പിക്കുന്ന ഫലമാണുള്ളത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ യുവാക്കൾ കാട്ടിയത് ഈ രേഖകളാണ്

(സുമേഷ്,ജോയിന്റ് ആർ.ടി.ഒ, ആലപ്പുഴ)