t

ആലപ്പുഴ: വിദേശിയെന്ന പൊങ്ങച്ചമില്ല. തന്നെ കഥാപാത്രമാക്കി 'മന്ത്രിതല'ത്തിൽ ഒരു കവിത എഴുതപ്പെട്ടിട്ടുണ്ടെന്ന് അറിയുകയുമില്ല. ജൂബിലി ടീച്ചറുടെ ലാളനയിൽ സസന്തോഷം കഴിയുകയാണ് മൗസി.

മന്ത്രി ജി. സുധാകരന്റെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ 'നെസ്റ്റി'ലെ പ്രധാന കഥാപാത്രമാണ് ഈജിപ്ഷ്യൻ പൂച്ച മൗസി. മന്ത്രിയുടെ കവിതകളിലൊന്നായ 'പൂച്ചേ, പൂച്ചേ'യുടെ പിറവിക്കു കാരണം മൗസിയാണെന്ന് ഭാര്യ ജൂബിലി നവപ്രഭയാണ് വെളിപ്പെടുത്തിയത്. മണലാരണ്യത്തിലെ പൂച്ചയെക്കുറിച്ചുള്ള ആകുലതയായിരുന്നു കവിതയിൽ.

കോളേജ് അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ജൂബിലിയുടെ സമയമേറെയും ഈ 'വളർത്തുമകൾ'ക്കൊപ്പമാണ്. രാത്രിയിൽ ഇരുവരുടെയും പാദങ്ങളിൽ തൊട്ടുരുമ്മിയാണ് ഉറക്കം. രാവിലെ അഞ്ചിന് ഉണരും. മന്ത്രി പത്രവായനയിൽ മുഴുകുമ്പോൾ ചേർന്നിരിക്കും. ഇതോടെ വാത്സല്യഭാവത്തിലാവും മന്ത്രി.

മകൻ നവനീതിന്റെ ഭാര്യ രശ്മിയാണ് ജൂബിലിക്ക് മൗസിയെ സമ്മാനിച്ചത്. ഇരുവരും ഖത്തറിൽ ജോലി ചെയ്യുമ്പോൾ, ഒരു ദിവസം വീട്ടുപടിക്കൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൂച്ചക്കുട്ടിയെ കിട്ടിയതാണ്. വയറിളക്കമുണ്ടായിരുന്ന പൂച്ചക്കുട്ടി വീടിനകമാകെ വൃത്തികേടാക്കി. എന്നിട്ടും ഉപേക്ഷിച്ചില്ല. മൃഗാശുപത്രിയിലെത്തിച്ച് ശുശ്രൂഷ നൽകി. മൗസിയെന്ന് ഓമനപ്പേരുമിട്ടു. കുസൃതിക്കുടുക്കയായി അവൾ വളർന്നു.

ഇതിനിടെ ഇരുവർക്കും യു.എ.ഇയിലേക്ക് മാറ്റമായതോടെയാണ് മൗസിയെ അമ്മയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. ഖത്തറിൽ നിന്ന് മുംബയിലേക്കും അവിടെ നിന്ന് തിരുവനന്തപുരത്തേക്കും എത്തിച്ചു. പാസ്പോർട്ടും ഹെൽത്ത് കാർഡുമുള്ള മൗസിയുടെ ദേഹത്ത് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

ഈജിപ്ഷ്യൻ മൗ

'ഈജിപ്ഷ്യൻ മൗ' വിഭാഗത്തിൽപ്പെട്ട പൂച്ചയാണ് മൗസി. പാലു വേണ്ട, വെള്ളം മതി. മത്സ്യ-മാംസാദികളും വേണ്ട. മാർക്കറ്റിൽ കിട്ടുന്ന കാറ്റ് ഫുഡിനോടാണ് പ്രിയം. വിദേശത്തു നിന്ന് കൊണ്ടുവന്ന രേഖ പ്രകാരം ഇപ്പോൾ അഞ്ചു വയസുണ്ട്. ജൂബിലി ടീച്ചർ സാരി ധരിച്ച് നിൽക്കുന്നതു കണ്ടാൽ മൗസിയുടെ മുഖം മങ്ങും. ഇട്ടിട്ടു പോകുമോ എന്ന ഭയം. ആലപ്പുഴയിലെ വീട്ടിലേക്ക് മൗസിയെ കൊണ്ടുവരാൻ ഇതുവരെ അവസരം കിട്ടിയില്ല.

''ഖത്തറിൽ മകനെ കാണാൻ എത്തിയപ്പോഴാണ് മൗസിയെ സുധാകരൻ സാർ ആദ്യം കാണുന്നത്. അതിനോട് തോന്നിയ വാത്സല്യത്താലാണ് അവിടെയിരുന്ന് 'പൂച്ചേ പൂച്ചേ' എന്ന കവിത എഴുതിയത്. കവിതാ സമാഹാരത്തിന്റെ പുറംചട്ടയിൽ ചേർത്തിട്ടുള്ളതും മൗസിയുടെ ചിത്രമാണ്.

-ഡോ. ജൂബിലി നവപ്രഭ