ആലപ്പുഴ: മന്ത്രി തോമസ് ഐസക്കിൽ നിന്ന് ലോട്ടറി വകുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ലോട്ടറി ജില്ലാ ഓഫീസ് പടിക്കൽ ധർണ നടത്തി. കന്റോൺമെന്റ് സോണുകളിൽ വിതരണം ചെയ്ത ടിക്കറ്റുകൾ തിരിച്ചെടുക്കുക, ആഴ്ചയിൽ 3 ദിവസം നറുക്കെടുപ്പ് എന്നത് വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 100 രൂപ ടിക്കറ്റ് ഇറക്കാനുള്ള തീരുമാനം പിൻവലിക്കുക, ടിക്കറ്റ് വില 30 രൂപയായി പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉണയിച്ച് നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടി കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വേണുപഞ്ചവടി മുഖ്യപ്രഭാഷണം നടത്തി. എസ്.സജീവ്, ശ്രീകല എന്നിവർ സംസാരിച്ചു. കായംകുളം ലോട്ടറി സബ്ബ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി.ബൈജു ഉദ്ഘാടനം ചെയ്തു. എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീഹരി, ശ്രീകാന്ത് എന്നിവർ സംസാരിച്ചു.