ous

ആലപ്പുഴ: മലയാള സിനിമയെ കേരളത്തിൽ നട്ടുവളർത്തിയ കുഞ്ചാക്കോയ്ക്ക് സ്മാരകം നിർമ്മിക്കാത്തതിൽ ചലച്ചിത്ര ലോകത്തിന് അമർഷം. കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'ഉദയായ്ക്ക് അസ്തമയം, മലയാളി മനസുകളിൽ കുഞ്ചാക്കോയ്ക്കും" എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു സംവിധായകരടക്കമുള്ളവർ. സർക്കാർ യുക്തമായ തീരുമാനമെടുക്കണമെന്നതാണ് ഉദയായിൽ ചലച്ചിത്ര ജീവിതത്തിന് തുടക്കമിട്ട ഫാസിലും സിബി മലയിലുമടക്കമുള്ളവരുടെ പക്ഷം.

 ഇൻസ്റ്റിറ്റ്യൂട്ട് വേണം

മലയാള സിനിമയുടെ ഈറ്രില്ലമാണ് ആലപ്പുഴ. വർഷങ്ങളോളം മലയാള സിനിമ ഇറങ്ങാതിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രേംനസീർ അടക്കമുള്ളവർ അന്ന് തമിഴ് സിനിമകളിൽ അഭിനയിക്കാൻ പോയി. അന്ന് ഉദയാ നിർമ്മിച്ച 'ഉമ്മ" എന്ന ചിത്രമാണ് മലയാള സിനിമയ്ക്ക് പുതുജീവൻ നൽകിയത്. ചിത്രത്തിന്റെ അമരക്കാരനായ കുഞ്ചാക്കോയെ എങ്ങനെ മറക്കാനാവും. അദ്ദേഹത്തിന് വെറുമൊരു സ്മാരകം വേണമെന്നല്ല, ഡബിംഗ്, എഡിറ്റിംഗ്, ഫ്ളോർ സൗകര്യങ്ങളുള്ള കോംപ്ലക്സാവാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ സർക്കാർ തിയേറ്ററുമാവാം. സിനിമയെക്കുറിച്ച് പഠിക്കാൻ സർക്കാർ ഉടമസ്ഥതയിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയാണ് ഉത്തമം.

- ഫാസിൽ, സംവിധായകൻ

 മന്ത്രിയെ വീണ്ടും കാണും

എല്ലാ ജില്ലകളിലും സാംസ്കാരിക നായകർക്ക് സ്മാരകം നിർമ്മാക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുഞ്ചാക്കോയ്ക്ക് ആലപ്പുഴയിൽ സ്മാരകം സാദ്ധ്യമാവുമെന്നാണ് കരുതിയിരുന്നത്. ധനമന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞാനും ബി. ഉണ്ണിക്കൃഷ്ണനും ചേർന്ന് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകിയതുമാണ്. ചലച്ചിത്ര അക്കാഡമിയുടെ സബ്സെന്റർ എന്ന നിലയിൽ 50 സെന്റ് സ്ഥലത്ത് സ്മാരകം എന്നതായിരുന്നു നിർദ്ദേശിച്ചത്. ഒരിക്കൽക്കൂടി മന്ത്രിയെ കാണും.

- സിബിമലയിൽ, (സംവിധായകൻ, ഫെഫ്ക പ്രസിഡന്റ്)

 ആദ്യ ഷോട്ട് ഉദയായിൽ

ഞങ്ങളുടെ ആദ്യ ചിത്രമായ 'റാംജിറാവു സ്പീക്കിംഗി"ന്റെ ആദ്യ ഷോട്ടെടുത്തത് ഉദയാ സ്റ്റുഡിയോയുടെ മുന്നിലെ മാതാവിന്റെ രൂപത്തിന് മുന്നിൽ തിരികൊളുത്തിയാണ്. ഉദയായും കുഞ്ചാക്കോയും ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. അത് നിലനിറുത്തണം. വലിയ സംഭവമോ കൂടുതൽ സ്ഥലമോ ഒന്നും വേണമെന്നല്ല.വരും തലമുറയ്ക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള ഒരു മ്യൂസിയം മതി. പഴയകാല ചിത്രങ്ങളുടെ സ്റ്റില്ലുകൾ, അന്നുപയോഗിച്ച കാമറകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ സംരക്ഷിക്കണം.

- ലാൽ (നടൻ, സംവിധായകൻ)

 അനങ്ങാപ്പാറയാവരുത്

കുഞ്ചാക്കോയ്ക്ക് സ്മാരകം നിർമ്മിക്കുന്നതിൽ സർക്കാരിന്റെ അനങ്ങാപ്പാറനയം ഉപേക്ഷിക്കണം. കേരളത്തിലെ ആദ്യ സിനിമാ പ്രസ്ഥാനമാണിത്. ഉദയാ നിന്ന സ്ഥലത്ത് 10 സെന്റെങ്കിലും ഇതിനായി ഏറ്റെടുക്കണം

- എ. കബീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

 മറക്കാനാവില്ല

സിനിമാ സെറ്രിലേക്ക് രാജാവിനെപ്പോലെ എഴുന്നള്ളിയിരുന്ന കുഞ്ചാക്കോയുടെ കാലം മറക്കാനാവില്ല. എന്റെ ആദ്യ ചിത്രമായ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ചിത്രീകരിച്ചത് ഉദയായിലാണ്. ഉദയാ ചരിത്ര സ്മാരകമാക്കണം.

- ഔസേപ്പച്ചൻ വാളക്കുഴി, നിർമ്മാതാവ്