
അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ഇഴയുന്നു
ആലപ്പുഴ: കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന അവസ്ഥയിലായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ 'ജനത' പരീക്ഷണം. സ്റ്റോപ്പുകളിൽപ്പോലും ബസ് നിറുത്താൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് മടിയാണെന്ന പരമ്പരാഗത പേരുദോഷം കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയെടുക്കാൻ ആരംഭിച്ച അൺലിമിറ്റഡ് ഓർഡിനറി സർവ്വീസായ ജനതയെ തള്ളണോ, കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ.
രണ്ടു സ്റ്റോപ്പുകൾക്കിടയിൽ ഇറങ്ങേണ്ട സ്ഥലമുണ്ടെങ്കിൽ കണ്ടക്ടറോട് ആവശ്യപ്പെട്ടാൽ ബസ് നിറുത്തിക്കൊടുക്കുന്ന സർവ്വീസാണ് ജനത. ഒരു വിഭാഗം യാത്രക്കാർക്ക് ഇത് അനുഗ്രഹമാകുമ്പോൾ ഇപ്രകാരം സ്റ്റോപ്പുകൾ കൂടുന്നതാണ് മറ്റൊരു തലവേദന. യഥാർത്ഥ സ്റ്റോപ്പിലിറങ്ങേണ്ടവർ അധിക സ്റ്റോപ്പുകൾ നിമിത്തം വൈകുന്നുവെന്നതാണ് പ്രധാന പ്രശ്നം. കൂടുതൽ റൂട്ടുകളിലേക്ക് ജനത സർവ്വീസ് നടത്തി പരിഹാരം കാണാനാവുമോ എന്നാണ് അധികൃതർ ആലോചിക്കുന്നത്.
ആലപ്പുഴ - തണ്ണീർമുക്കം, അമ്പലപ്പുഴ - തിരുവല്ല, എടത്വ - തിരുവല്ല - ആലപ്പുഴ എന്നീ സർവീസുകളാണ് നിലവിൽ അൺലിമിറ്റഡ് സ്റ്റോപ്പായി ഓടുന്നത്. ബോർഡിൽ അൺലിമിറ്റഡ് സ്റ്റോപ്പ് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും പൊതുവേ യാത്രക്കാർ കുറവായതിനാൽ സർവീസിന് കാര്യമായ പ്രചാരണം ലഭിച്ചിട്ടില്ല. യാത്രക്കാരോട് കണ്ടക്ടർമാർ അൺലിമിറ്റഡ് സ്റ്റോപ്പ് സർവീസിനെക്കുറിച്ച് വിശദമാക്കുന്നുണ്ട്. സ്റ്റോപ്പ് പരിധിയില്ലാത്ത സർവീസാണെന്ന് അറിയാതെ കയറുന്ന യാത്രക്കാർ മുറുമുറുപ്പുണ്ടാക്കുന്നതും പതിവായിട്ടുണ്ട്.
മാറ്റിപ്പിടിക്കും
സ്റ്റോപ്പുകൾ വർദ്ധിക്കുന്നതിനാൽ വിചാരിച്ച സമയത്ത് യാത്രക്കാർക്ക് സ്വന്തം സ്റ്റോപ്പിലെത്താൻ കഴിയാത്തത് ഒരു പ്രശ്നമാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലെ റൂട്ടുകളിൽ ഓട്ടം നടക്കുന്നത്. യാത്രക്കാർക്ക് താത്പര്യമെന്ന് കണ്ടാൽ വരും ദിവസങ്ങളിൽ മറ്റ് റൂട്ടുകളിലേക്കും സർവീസ് തുടങ്ങാനുള്ള ആലോചനയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
അൺലിമിറ്റഡ് ഓർഡിനറി
ടിക്കറ്റ് നിരക്കിൽ മാറ്റമില്ല
ഡിപ്പോയിൽ എത്തിച്ചേരാൻ നിശ്ചിത സമയമില്ല
എവിടെ നിന്നും ബസിൽ കയറാം
ആവശ്യപ്പെടുന്ന എവിടെയും ഇറങ്ങാം
പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകളാണ് നടക്കുന്നത്. കൂടുതൽ യാത്രക്കാർക്ക് താത്പര്യമെന്ന് കണ്ടാൽ മറ്റ് റൂട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും
അശോക് കുമാർ, ഡി.ടി.ഒ