പൂച്ചാക്കൽ: 'കേൾക്കാം കേൾക്കാം കേട്ടു രസിക്കാം, ഓടമ്പള്ളി സ്കൂൾ വാട്ട്സാപ്പ് റേഡിയോയിലേക്ക് സ്വാഗതം...' കുട്ടി അവതാരകർ ശബ്ദ മികവോടെ 'വാട്ട്സാപ്പ് ജോക്കി'കളായി മാറിയതോടെ ഓടമ്പള്ളി ഗവ.യു.പി സ്കൂളിലെ പഠന ഗവേഷണ വിഭാഗം കൊവിഡ് കാലത്ത് അസൂയാവഹമായൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
പഠനത്തിലൂടെ നേടിയ അറിവുകൾ കഥപ്പെട്ടിയിലും പാട്ടുപെട്ടിയിലും ചിരിപ്പെട്ടിയിലുമായി അവതരിപ്പിച്ച് കയ്യടി നേടുകയാണ് കുട്ടി അവതാരകർ. റേഡിയോ പരിപാടികളുടെ രൂപത്തിലാണ് അവതരണമെന്നതിനാൽ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പാഠപുസ്തകത്തിലെ പ്രവർത്തനങ്ങളെ ഏറ്റെടുക്കുന്നത്. എല്ലാ ഞായറാഴ്ചകളിലുമുള്ള അരമണിക്കൂർ പ്രത്യേക പരിപാടിയാണ് കൂടുതൽ പേർ ആസ്വദിക്കുന്നത് . മറ്റ് ദിവസങ്ങളിൽ വൈകിട്ട് ഏഴിന് തുടർപഠനത്തിന് അനുയോജ്യമായ പരിപാടികളുമുണ്ട്.
250 അംഗങ്ങൾ വീതമുള്ള ഓരോ ഗ്രൂപ്പുകളാക്കി മാറ്റിയാണ് പ്രക്ഷേപണം. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളും രക്ഷാകർത്താക്കളും റേഡിയോ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഷാനിമോൾ ഉസ്മാൻ എം.എൽ.എ റേഡിയോ പ്രക്ഷേപണത്തിൽ പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കൽ, പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ്, പ്രഥമാദ്ധ്യാപകൻ എൻ.സി. വിജയകുമാർ കൂത്താട്ടുകുളം, സുമ മോൾ, നിഷ, പി.കെ. ആഷ, എം.എം. സുജിത, മായാദേവി, മുബീന, ശാരി ആർ.ശശീന്ദ്ര, റസിയ തുടങ്ങിയവർ പങ്കെടുത്തു.