അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം മാറിയതോടെ ആംബുലൻസ് ഡ്രൈവറടക്കം നിരവധി പേർ ക്വാറന്റൈനിൽ.

ഞായറാഴ്ച ആശുപത്രിയിൽ മരിച്ച പട്ടണക്കാട് പഞ്ചായത്ത് 17 -ാം വാർഡ് സൻഫർ മൻസിലിൽ സിയാവുദീന്റെ (62) കൊവിഡ് പരിശോധനാ ഫലമാണ് മാറിയത്. മരണമടഞ്ഞ ശേഷം മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് അറിയിച്ചതോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.ഇതനുസരിച്ച് ബന്ധുക്കൾ സ്വകാര്യ ആംബുലൻസിൽ മൃതദേഹം കയറ്റി പോകുന്നതിനിടെ പുന്നപ്രയിലെത്തിയപ്പോൾ ആശുപത്രി അധികൃതർ വിളിച്ചറിയിച്ചു, ഫലം നെഗറ്റീവാണെന്ന്. മൃതദേഹം ഉടൻ തിരികെ മോർച്ചറിയിലെത്തിക്കണമെന്നായിരുന്നു നിർദ്ദേശം.

തുടർന്ന് മൃതദേഹം ബന്ധുക്കൾ മോർച്ചറിയിലെത്തിച്ചു. ഇതോടെ ആംബുലൻസ് ഡ്രൈവറും മരണമടഞ്ഞയാളുടെ ബന്ധുക്കളും ക്വാറന്റൈനിൽ പോകേണ്ട സ്ഥിതിയായി. മോർച്ചറിയിൽ തിരികെ എത്തിച്ച മൃതദേഹത്തിൽ പി പി കിറ്റ് അണിയിച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മോർച്ചറി അധികൃതർ ഇന്നലെ പുലർച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മറവ് ചെയ്യാമെന്ന് എഴുതി വാങ്ങുകയും ചെയ്തു. മൃതദേഹം ഇതേ ആംബുലൻസിൽ പുലർച്ചെ 3.30 ഓടെ പട്ടണക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ എത്തിച്ച് മറവ് ചെയ്തു. ലാബ് അധികൃതരുടെ അനാസ്ഥയാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു.