ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളിലായി പുനർനിർമ്മിച്ച 25 റോഡുകളുടെ ഉദ്ഘാടനം 9, 10 തീയതികളിൽ നടത്തുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

ബഡ്ജറ്റിൽ ഉൾപ്പെടുത്തി 24.83 കോടിയും സി.ആർ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 2.71 കോടിയും ചെലവഴിച്ച് ആധുനിക നിലവാരത്തിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ തന്നെ 2000 കോടിയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ ഏറെയും പൂർത്തിയായി.

മണ്ഡലത്തിൽ 150ലേറെ ഗ്രാമീണ, നഗര റോഡുകൾ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആധുനിക നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. പുതിയ കാലം, പുതിയ നിർമ്മാണം എന്ന പൊതുമരാമത്ത് വകുപ്പിന്റെ കാഴ്ചപ്പാടിലൂടെയാണ് ഇത്രയധികം വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.