അമ്പലപ്പുഴ: വീട്ടിലുണ്ടായ വഴക്കിനിടെ ഭർത്താവിന്റെ മർദ്ദനമേറ്റ് കൈയൊടിഞ്ഞ യുവതിയെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡ് പഞ്ചായത്ത് കോളനിയിൽ മുഹമ്മദ് കുഞ്ഞിന്റെ മകൾ ഷീജയ്ക്കാണ് (36) പരിക്കേറ്റത്. ഭർത്താവ് ആലപ്പുഴ സ്വദേശിയായ ഷാനവാസിനെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.
പൊലീസ് പറയുന്നത്: ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഷാനവാസിന്റെ നാലാമത്തെ ഭാര്യയാണ് ഷീജ. ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. വിവാഹശേഷം ഇവർ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് രണ്ടാം വാർഡിൽ വൃക്ഷ വിലാസം തോപ്പിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവ് സ്ഥിരമായി മർദ്ദിക്കുന്നുവെന്ന് ഷീജ പുന്നപ്ര പൊലീസിലും, വനിത സെല്ലിലും പരാതി നൽകിയിരുന്നു. മുമ്പ് മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവച്ചാണ് ഷീജയെ വിവാഹം ചെയ്തത്. കാര്യങ്ങൾ മനസിലാക്കിയ ഷീജയും ഷാനവാസുമായി വാക്കുതർക്കം പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പുന്നപ്ര എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.