
ഹരിപ്പാട്: കൊവിഡ് കാലത്തെ വെല്ലുവിളികൾ അതിജീവിച്ച് പൊതുവിതരണ രംഗത്ത് സപ്ലൈകോ നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. റവന്യു ടവറിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ പൊതുവിതരണ രംഗത്ത് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. സബ്‌സിഡി ഉത്പ്പന്നങ്ങളുടെ വില ഉയർത്തില്ലെന്ന വാഗ്ദാനം പാലിച്ചാണ് കഴിഞ്ഞ നാലര വർഷമായി സർക്കാർ മുന്നോട്ട് പോകുന്നത്. പ്രതികൂല സാഹചര്യങ്ങൾ പലതും അഭിമുഖീകരിക്കേണ്ടി വന്നിട്ടും അരിയുടെ വില പിടിച്ചു നിറുത്താൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി.എം. അലി അസ്ഗർ പാഷ, സപ്ലൈകോ എറണാകുളം മേഖല മാനേജർ എൽ. മിനി, സപ്ലൈ ഓഫീസർ എം.ആർ. മനോജ് കുമാർ, ഡിപ്പോ മാനേജർ എസ്.എസ്. അജിത് കുമാർ, കെ.കാർത്തികേയൻ, എം.ആർ. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.