
അമ്പലപ്പുഴ: പൂക്കൈതയാറ്റിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം അമ്പലപ്പുഴ വടക്കു പഞ്ചായത്ത് എട്ടാം വാർഡ് കഞ്ഞിപ്പാടം ശിവമംഗലത്തു വീട്ടിൽ ശിവാനന്ദൻ - സരസ്വതി ദമ്പതികളുടെ മകൻ മഹീന്ദ്രന്റേതാണെന്ന് (68) തിരിച്ചറിഞ്ഞു. വാർത്തകൾ കണ്ട് ബന്ധുക്കൾ ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൂലിപ്പണിക്കാരനായ മഹീന്ദ്രൻ അവിവാഹിതനാണ്. മദ്യപിച്ച് കാലു തെന്നി ആറ്റിൽ വീണതാണെന്നാണ് പൊലീസിന്റെ നിഗമനം. നെടുമുടി എസ്.ഐ ജോണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൃതദേഹം പൂക്കൈതയാറ്റിൽ ചെമ്പുംപുറം മുപ്പതിൽ ചിറ ഭാഗത്തു കണ്ടെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്.