photo

ചേർത്തല:പരീക്ഷാദിനങ്ങളിൽ ഡെങ്കിപ്പനി ലക്ഷണം കണ്ടതോടെ പരീക്ഷ എഴുതാൻ കഴിയാതിരുന്ന മാളവികയ്ക്കും ആദ്യ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ കടന്നൽ കുത്തേറ്റ് രണ്ടാം പരീക്ഷ നഷ്ടമായ ആരതിക്കും സേ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.

വയലാർ പഞ്ചായത്ത് ഏഴാംവാർഡ് ഈരക്കരിയിൽ മുരുകദാസിന്റെ മകൾ മാളവികയും ചേർത്തല തെക്ക് പഞ്ചായത്ത് 20-ാം വാർഡ് ചിറയിൽ ആരതിക്കുമാണ് വൈകിവന്ന എപ്ലസ് തിളക്കം. പരീക്ഷ ദിവസങ്ങളിൽ ഡെങ്കിപ്പനി ലക്ഷണം കണ്ടതോടെയാണ് മാളവികയും അച്ഛനും ആശുപത്രിയിലായത്.കെമിസ്ട്രി,ഫിസിക്‌സ്,കണക്ക് പരീക്ഷകളാണ് നഷ്ടമായത്.ഫലം വന്നപ്പോൾ എഴുതിയ പരീക്ഷകളിലെല്ലാം ഉയർന്ന മാർക്ക് ലഭിച്ചു. ഇതോടെയാണ് സേ പരീക്ഷ എഴുതിയത്.

ആദ്യ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ ചേർത്തല തെക്ക് എസ്.എൻ കവലയ്ക്ക് സമീപത്താണ് ചിറയിൽ അജയകുമാറിന്റെ മകൾ ആരതിയ്ക്ക് കടന്നൽ കുത്തേറ്റത്.ഇതോടെ രണ്ടാമത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.രണ്ടു പേർക്കും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. ഇരുവരും ചേർത്തല സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ്.