 പുതിയ ഭാരവാഹികളെ നാളെ തിരഞ്ഞെടുക്കും

ചേർത്തല:ശ്രീനാരായണ ട്രസ്​റ്റിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് ചേർത്തല എസ്.എൻ കോളേജിൽ നടക്കും.നാളെ ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുക്കും. ഇന്ന് 3(ഐ) വിഭാഗത്തിൽ നിന്ന് മൂന്ന് വിദഗ്ദ്ധ അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്.

രാവിലെ 10 മുതൽ 11 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും.സൂക്ഷ പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.2ന് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് ആറിന് പൂർത്തിയാവും. തുടർന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നാളെ രാവിലെ 9ന് ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ യോഗം ചേർന്ന് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കും. ചെയർമാൻ,സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി,ട്രഷറർ,എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുക്കും.കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് തിരഞ്ഞെടുപ്പ്.ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കളക്ടറുടെ ഉത്തരവിനും നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും യോഗം. മുൻ ലാ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജുമായ അഡ്വ.ബി.ജി.ഹരീന്ദ്രനാഥാണ് ചീഫ് റിട്ടേണിംഗ് ഓഫീസർ.

നേരത്തെ ഒന്ന്,രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഒൗദ്യോഗിക പാനൽ സമ്പൂർണ വിജയം നേടിയിരുന്നു.ആദ്യഘട്ടത്തിൽ ആകെയുള്ള 10 റീജിയണുകളിൽ 8 ഇടങ്ങളിലും വെള്ളാപ്പള്ളി പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ചേർത്തലയിലും കൊല്ലത്തും നാമമാത്രമായ ആളുകളാണ് മത്സരത്തിനുണ്ടായിരുന്നത്. 3 (ഡി) വിഭാഗം രണ്ടാം ഘട്ടത്തിൽ 92 പേർ ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ചെങ്കിലും വിജയിക്കാനായില്ലെന്ന് മാത്രമല്ല കെട്ടിവെച്ച പണവും നഷ്ടപ്പെട്ടു.ഒൗദ്യോഗിക പാനലിലെ 224 പേരും വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.