അരൂർ: മാരകായുധങ്ങളുമായി ബൈക്കുകളിലെത്തി നടുറോഡിൽ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഗുണ്ടാസംഘത്തിലെ 5 പേർ പിടിയിൽ. ചേർത്തല തെക്ക് പട്ടണത്ത്ശേരി കോളനിയിൽ വിപിൻ (26), വയലാർ തെക്കേച്ചിറ അക്ഷയ് (24),ചേർത്തല തെക്ക് സ്വദേശികളായ ചാരങ്കാട്ട് അജിത്ത് (20), കുരിശിങ്കൽ യേശുദാസ് (20), അരയശ്ശേരി ഷാൻ (27) എന്നിവരെയാണ് അരൂർ സി.ഐ സി.കെ. സുബ്രഹ്മണ്യനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ദേശീയപാതയിൽ അരൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഞായറാഴ്ച രാത്രി 7നായിരുന്നു സംഭവം. അരൂരിലെ ഒരു സമുദ്രോൽപന്ന സംസ്കരണ ശാലയിലെ ജോലിക്കാരനായ നാസർ, ഒപ്പം ജോലി ചെയ്യുന്നതും അക്രമി സംഘത്തിലൊരാളുടെ മാതാവുമായ സ്ത്രീയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ എരമല്ലൂർ മജീദ് മാൻസിലിൽ നാസർ (36) ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയിിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു