
ഇതുവരെ പദവി ലഭിച്ചത് 39 തദ്ദേശ സ്ഥാപനങ്ങൾക്ക്
ആലപ്പുഴ: ശുചിത്വത്തിന്റെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു ശുചിത്വ പദവി നൽകാനുള്ള പരിശ്രമത്തിലാണ് ഹരിതകേരള മിഷൻ. വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള ഖരമാലിന്യ ശേഖരണം, സംസ്കരണം എന്നിവ 60 ശതമാനമെങ്കിലും നടത്തിയ സ്ഥാപനങ്ങൾക്ക് പദവി ലഭിക്കും. ഇതിനകം നാല് നഗരസഭകൾ അടക്കം 39 സ്ഥാപനങ്ങൾ ലക്ഷ്യം നേടി. ആറു നഗരസഭകളും 73 പഞ്ചായത്തുകളുമാണ് ജില്ലയിലുള്ളത്.
പൊതുനിരത്തിലുള്ള മാലിന്യം ക്ലീൻകേരള കമ്പനിയാണ് നീക്കുന്നത്. ആദ്യഘട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു സ്വന്തം നിലയിൽ വിലയിരുത്തി ശുചിത്വ പ്രഖ്യാപനം നടത്താം. ഇവിടങ്ങളിൽ വിദഗ്ദ്ധസമിതി പരിശോധന നടത്തി 60 ശതമാനം മാർക്ക് ലഭിച്ചവർക്കാണു ശുചിത്വ പദവി നൽകുന്നത്. കളക്ടർ ചെയർമാനായ ശുചിത്വ പദവി അവലോകന സമതി ഗ്രേഡിംഗ് നടത്തി വിജയികളെ തിരഞ്ഞെടുക്കും. 10ന് മുഖ്യമന്ത്രിയുടെ ശുചിത്വ പ്രഖ്യാപനത്തിൽ, അതുവരെ പദവി ലഭിച്ച തദ്ദേശസ്ഥാപനങ്ങളിൽ മികച്ച ശുചീകരണം നടത്തിയ ഒരാൾക്കു വീതം മെമന്റോയും സാക്ഷ്യപത്രവും നൽകും.
കൊവിഡ് പശ്ചാത്തലത്തിൽ പരിശീലനം നൽകിയും സുരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തിയുമാണ് ഹരിതകർമ്മ പ്രവർത്തകരെ ശുചീകരണത്തിന് ഇറക്കുന്നത്. ജില്ലയിൽ 9 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളുണ്ട്. ഹരിത കർമ്മ സേനകൾ ശേഖരിക്കുന്ന, കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ എന്നിവയാണ് യൂണിറ്റിന് കൈമാറുന്നത്. കൊവിഡ് കാലത്ത് 500 ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനികൾക്ക് കൈമാറിയത്.
ഗ്യാപ് ഫണ്ട്
ഹരിതകർമ സേന മാസത്തിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സേനയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഗ്യാപ് ഫണ്ട് അനുവദിച്ചു. ആദ്യം മൂന്ന് മാസമാണ് ഫണ്ട് നൽകിയത്. പിന്നീട് 3 മാസത്തേക്ക് കൂടി നീട്ടി. ഇതുകഴിഞ്ഞ് സേനംഗങ്ങൾക്ക് വേതനവും പ്രവർത്തന ചെലവുകളും വീടുകളിൽ നിന്ന് ഇൗടാക്കുന്ന പണത്തിൽ നിന്നു നൽകും.
ആര്യാട് തിളങ്ങുന്നു
ജില്ലയിലെ മാലിന്യസംസ്കരണ പ്രവർത്തനത്തിൽ ഏറ്റവും മികവ് പുലർത്തുന്നത് ആര്യാട് പഞ്ചായത്താണ്. പ്ലാസിക് ശരിയായ രീതിയിൽ വൃത്തിയാക്കി ക്ലീൻ കേരള വഴി കമ്പനികൾക്ക് കൈമാറിയതിന് 40 ലക്ഷം രൂപ ലഭ്യമായി. എല്ലാ പ്ലാസ്റ്റിക്കുകളും ഇട കലർത്തി കമ്പനികൾക്ക് കൈമാറിയാൽ ആ പഞ്ചായത്തുകൾ കമ്പനികൾക്ക് അങ്ങോട്ട് തുക കൈമാറണം.
പൊടിക്കൽ യൂണിറ്റിൽ നിന്നുള്ള വില്പന (കിലോ)
മാലിന്യ ശേഖരണത്തിനു നൽകേണ്ട തുക
ജില്ലയിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൊവിഡ് കാലത്തും കാര്യക്ഷമമായി നടക്കുന്നുണ്ട്. 60ൽ കൂടുതൽ മാർക്ക് നേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പദവി നൽകിയത്. ശുചീകരണത്തിൽ പിന്നീട് പിന്നാക്കം പോയ സ്ഥാപനങ്ങളുടെ പദവി പിൻവലിച്ചിട്ടുണ്ട്.
(രാജേഷ്,ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ)