election

കുട്ടനാടൻ പാടശേഖരങ്ങളിലൂടെയും കായൽ നിലങ്ങളിലൂടെയും നടന്നു പോകുമ്പോൾ എപ്പോഴും നമ്മുടെ കാതുകളിലേക്ക് സംഗീതമെത്തും. ഒഴുകിയെത്തുന്ന കാറ്റിൽ ലാസ്യഭാവത്തിൽ നെൽച്ചെടികൾ ചിട്ടയോടെ ചാഞ്ചാടുമ്പോൾ കേൾക്കുന്ന നേർത്ത ഇരമ്പലിൽ സംഗീതമുണ്ട്. ഉൾപ്രദേശങ്ങളിലേക്ക് കടന്നു ചെന്നാൽ വളഞ്ഞും നിവർന്നും ഒഴുകുന്ന കൈത്തോടുകളിലെ ഓളപ്പരപ്പ് ഉണ്ടാക്കുന്ന കളകള ശബ്ദത്തിലും സംഗീതമുണ്ട്. കൃഷിയിറക്ക് കാലത്ത് കർഷക തൊഴിലാളികളുടെ ചുണ്ടിൽ നിന്നുതിരുന്ന ചക്രപ്പാട്ടും ഞാറ്റുപാട്ടും വിതപ്പാട്ടും കൊയ്‌ത്തായാൽ കേൾക്കുന്ന കൊയ്‌ത്തുപാട്ടും സംഗീതത്തിന്റെ അഭൗമതലങ്ങളാണ്. പ്രകൃതി സൗന്ദര്യത്തിനൊപ്പം സംഗീതത്തിന്റെ ഈ മേമ്പൊടി കൂടി ചേർത്തതാണ് കുട്ടനാടിനെ വിനോദസഞ്ചാരികളുടെ മനസിലേക്ക് കുടിയിരുത്തിയത്.

ഏതു പ്രളയം വന്നാലും വെള്ളപ്പൊക്കം വന്നാലും വരൾച്ച വന്നാലും വർഷാവർഷങ്ങളിൽ പകർച്ചവ്യാധികൾ ആക്രമിച്ചാലും കുട്ടനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് തടയിടാൻ കഴിയാത്തത് , പ്രകൃതി ഒരുക്കിയ സൗന്ദര്യത്തിന്റെ പരമോന്നത ഭാവത്തിൽ അത് നിൽക്കുന്നതിനാലാണ്. കുട്ടനാടിന്റെ പുകഴ്പെറ്റ സൗന്ദര്യത്തെക്കുറിച്ച് വർണിക്കാനല്ല ഇത്രയൊക്കെ പറഞ്ഞത്. അടുത്ത കാലത്ത് കുട്ടനാട്ടിലൂടെ സഞ്ചരിച്ചപ്പോൾ ഇതിൽ നിന്നെല്ലാം വേറിട്ട ചില പാട്ടുകളുടെ ശീലുകളാണ് കേൾക്കാൻ കഴിഞ്ഞത്. ജീവിതത്തിൽ ഒരിക്കൽപ്പോലും പാടാത്തവരും പാട്ടു കേട്ടാൽ ഓക്കാനം വരുന്നവരുമെല്ലാം ചുണ്ടിൽ രണ്ടുവരി പാട്ടുമായാണ് നടക്കുന്നത്. പാട്ടുകളോ നിരാശയുടെ നിഴൽ വീണവയും. 'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ദുഃഖഭാരങ്ങളും പങ്കു വയ്ക്കാം' എന്ന് ഒരു കൂട്ടർ പാടുമ്പോൾ,'എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും തന്ത്രികൾ പൊട്ടിയ തമ്പുരുവിൽ' എന്ന വരികളാണ് മറ്റൊരിടത്ത് കേൾക്കുക. ' ഈ ജീവിതമെനിക്കെന്തിന് തന്നു അടിയുടയോനെ' എന്ന വരിക്കും നല്ല ഡിമാൻഡാണ്. ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത് വെറുതെ ഇരിക്കുവാൻ മോഹമെന്ന് മൃദുസ്വരത്തിൽ പാടി തോട്ടുവക്കിലിരുന്നു നേരം കളയുകയാണ് മറ്റു ചിലർ. എല്ലാവരെയും പാട്ടുകാരാക്കിയത് ഒറ്റ കാര്യമാണ്. കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സംഗതി. ഏതെല്ലാം തരത്തിലുള്ള മോഹക്കാരാണ് സ്വപ്നങ്ങൾ നെയ്തു കൂട്ടിയത്.

നിരാശ ഒന്നാം ഗ്രേഡ്

സ്ഥാനാർത്ഥിത്വം മോഹിച്ചവരാണ് ആദ്യ ഗ്രേഡുകാർ. മുമ്പ് ഒരു നേതാവ് ജയിച്ച ശേഷം പിന്നെ അടുത്ത അഞ്ച് തിരഞ്ഞെടുപ്പുകളിൽ ആർക്കും കുട്ടനാട്ടിലേക്ക് എത്തിനോക്കാൻ കഴിഞ്ഞില്ല. അത് കഴിഞ്ഞപ്പോൾ മറ്റൊരു നേതാവ് എത്തി. അദ്ദേഹവും രണ്ടു തവണ മറ്റാർക്കും അവസരം നൽകിയില്ല. നിലവിൽ എം.എൽ.എ ആയിരുന്ന നേതാവിന്റെ ആകസ്മിക വിയോഗത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് സാദ്ധ്യത തെളിഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന എത്തിയതോടെ മനസിലെ മോഹങ്ങൾ പൂവിട്ടു, തളിരിട്ടു. ഖദർ കുപ്പായത്തിനുള്ളിൽ ഒരു ജനസേവകനുണ്ട്, കർഷകനുണ്ട്, തൊഴിലാളി മനസുണ്ട് എന്നൊക്കെ തട്ടിവിട്ട് ഓരോരുത്തരും തങ്ങളുടെ അവസരം ഉറപ്പിക്കാനായി ശ്രമം. മാദ്ധ്യമങ്ങളിലേക്ക് തങ്ങളുടെ സാദ്ധ്യതകളും യോഗ്യതകളും അക്കമിട്ട് നിരത്തി, പ്രതീക്ഷിക്കപ്പെടുന്ന സ്ഥാനാർത്ഥികളുടെ പേരു നിരത്തുമ്പോൾ തന്റെ പേരും ചേർക്കാൻ ശുപാർശ നടത്തി ചിലർ. ഇല്ലാത്ത രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന് വരുത്തി തീർത്ത് തന്റെ സീറ്റ് ഉറപ്പിക്കാൻ രാഷ്ട്രീയ മുന്നേറ്റങ്ങൾ വരെ നടത്താൻ മറ്റു ചിലർ തയ്യാറായി. കോൺഗ്രസും കേരളാകോൺഗ്രസും എൻ.സി.പിയും കേന്ദ്രീകരിച്ചായിരുന്നു കടുത്ത അവകാശ വാദങ്ങൾ. എല്ലാം കണ്ട് കുലുങ്ങി ചിരിച്ച് സി.പി.എമ്മും സി.പി.ഐയും മാറി വരമ്പത്തിരുന്നു. എല്ലാം ഒന്നു കലങ്ങി തെളിയട്ടെ എന്ന മട്ടായിരുന്നു ബി.ജെ.പിക്ക്. ഇതൊക്കെയാണെങ്കിലും പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പിന്റെ പേരിൽ ആദ്യം തന്നെ അങ്കം കുറിച്ചത് കേരള കോൺഗ്രസിലെ ജോസഫ് -ജോസ് വിഭാഗങ്ങളാണ്. കുട്ടനാടുമായുള്ള പൊക്കിൾക്കൊടി ബന്ധം സ്ഥാപിച്ചെടുക്കാൻ ശാസ്ത്രീയ തെളിവുകൾ പോലും മുന്നണി നേതൃത്വങ്ങൾക്ക് മുന്നിൽ നിരത്താൻ അവർ തയ്യാറായി. തിരഞ്ഞെടുപ്പു കൺവെൻഷൻ എന്ന് പേരിട്ടില്ലെങ്കിലും രണ്ട് കേരള കോൺഗ്രസ് വിഭാഗങ്ങളും പ്രത്യേകം രാഷ്ട്രീയ യോഗങ്ങൾ നടത്തി. തിരഞ്ഞെടുപ്പ് കുട്ടനാട്ടിലാണെങ്കിലും കോട്ടയത്ത് യോഗം ചേർന്ന് അവർ തമ്മിലടിയും നടത്തി. ഇപ്പോൾ മിച്ചമായത് ഒരു തുള്ളി കണ്ണീർ മാത്രം.

നിരാശ രണ്ടാംഗ്രേഡ്

സ്ഥാനാർത്ഥിയായില്ലെങ്കിലും സ്ഥാനാർത്ഥിത്വം ഉറപ്പാക്കുന്നവരുടെ നടത്തുപടിക്കാരാവാൻ മത്സരിച്ചവരാണ് രണ്ടാം ഗ്രേഡുകാർ. പൊന്നേ ,പോറ്റി,ചക്കരേ എന്നൊക്കെ പറഞ്ഞ് നേതാക്കൾക്കൊപ്പം കൂടി അവരുടെ വിജയ സാദ്ധ്യത ഗ്രാഫിക്സ് വഴി ബോദ്ധ്യപ്പെടുത്താൻ എന്തെല്ലാം ശ്രമങ്ങളാണ് ഇക്കൂട്ടർ നടത്തിയത്. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും കേന്ദ്ര സഹായത്താൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളും എല്ലാം തന്റെ നടത്തുപടിയിലൂടെ ആവുമെന്ന് വെറുതെ മോഹിച്ചു കൂട്ടി. ഇത്തരം വികസന പ്രവർത്തനങ്ങൾ വഴി തന്റെ പോക്കറ്റിന് ലഭിച്ചേക്കാവുന്ന വികാസത്തിന്റെ വ്യാപ്തിയും കാലേകൂട്ടി അവർ കണക്കുകൂട്ടി. കടലാസിൽ പ്രഖ്യാപിച്ച പദ്ധതികളുടെ തുകയും വലിപ്പവും കണ്ട് അവർ കണ്ണ്തെള്ളി. എന്തു ചെയ്യാൻ , എല്ലാം തുലഞ്ഞില്ലേ ഒടുവിൽ.

നിരാശ മൂന്നാം ഗ്രേഡ്

ഭാവിയിലേക്ക് നോക്കി തങ്ങളുടെ രാഷ്ട്രീയ ഗ്രാഫ് കനപ്പിക്കുന്നതിന്റെ സാദ്ധ്യത മനസിലാക്കി ആനന്ദം കണ്ടവരാണ് മൂന്നാം ഗ്രേഡിൽ വരുന്നത്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിലും ചിലർ ജയിക്കുകയും മറ്റു ചിലർ തോൽക്കുകയും ചെയ്യുമ്പോൾ ഉരുത്തിരിയുന്ന പ്രത്യേകമായ രാഷ്ട്രീയ സംഭവ്യതകളിലും അസംഭവ്യതകളിലും തങ്ങളുടെ രാഷ്ട്രീയ മണ്ഡലത്തിനുണ്ടായേക്കാവുന്ന വളവുകളും തിരിവുകളും മുൻകൂട്ടി ഇവർ കണക്കുകൂട്ടി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപതിരഞ്ഞെടുപ്പിന്റെ വിജയ - പരാജയങ്ങളുടെ കവടി നിരത്തി എങ്ങനെയൊക്കെ വിലപേശൽ നടത്താമെന്നും അവർ തലപുകച്ചു. എന്തു ചെയ്യാൻ എല്ലാ തുലഞ്ഞില്ലെ.

ഇതുകൂടി കേൾക്കണേ

പ്രതീക്ഷകളുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായത്തിന് പൊതു സ്വീകാര്യത വന്നുപെട്ടത്. ഇനി പാടാൻ ഒരു പാട്ടിന്റെ വരി കൂടിയുണ്ട് 'സ്വപ്നം വെറുമൊരു സ്വപ്നം, സ്വപ്നം,സ്വപ്നം സ്വപ്നം...'