t

സവാളയ്ക്കും ഉള്ളിക്കും ഇരട്ടിവില

ആലപ്പുഴ: തമിഴ്നാട്ടിൽ ഉത്പാദനം കുറഞ്ഞതോടെ, ഓണക്കാല 'മാന്യത' വലിച്ചെറിഞ്ഞ് പച്ചക്കറി വില കുതിക്കുന്നു. സവാളയ്ക്കും ഉള്ളിക്കും ഇരട്ടി വിലയായപ്പോൾ കാരറ്റ്, മാങ്ങ എന്നിവയുടെ വില കിലോയ്ക്ക് 100 കടന്നു. ഇതോടെ കൊവിഡിലെ സാമ്പത്തിക പ്രതിസന്ധി മൂലം വെട്ടിച്ചുരുക്കിയ അടുക്കള ബഡ്ജറ്റ് വീണ്ടും ചുരുക്കേണ്ട അവസ്ഥയായി.

നൂറ് രൂപയ്ക്ക് അഞ്ച് കിലോ സവാള കിട്ടിയിരുന്ന സ്ഥാനത്ത് ഇന്നലെ കിലോയ്ക്ക് 50 രൂപയായിരുന്നു. മെനുവിൽ പച്ചക്കറി വിഭവങ്ങൾ കുറച്ച്, മത്സ്യത്തെ ഉൾപ്പെടുത്താമെന്ന് വിചാരിച്ചാൽ അവിടെയും വിലക്കയറ്റം വില്ലനാവുകയാണ്. കിലോയ്ക്ക് നൂറ് രൂപയിൽ കുറഞ്ഞ മത്സ്യങ്ങളില്ല. സമാനമാണ് ഇറച്ചിവിലയും. കോഴിയിറച്ചി കിലോ 200 രൂപയ്ക്ക് ലഭിക്കുമ്പോൾ, 340ൽ കിടന്ന ബീഫ് വില 380 കടന്നു. മലയാളിയുടെ അടുക്കളയിൽ ഒഴിവാക്കാനാവാത്ത നാളികേരവും വിലയുടെ കാര്യത്തിൽ കൊന്നത്തെങ്ങോളം പൊക്കത്തിലായി. ചുരുങ്ങിയ സ്ഥലപരിമിതിയിൽ വീടുവച്ച് കഴിയുന്ന നഗരവാസികൾക്ക് നാളികേരം വിലകൊടുത്ത് വാങ്ങുകയല്ലാതെ മറ്റ് മാർഗമില്ല. ഓണത്തിന് കിലോയ്ക്ക് 36 രൂപയായിരുന്ന തേങ്ങയ്ക്ക് ഇന്നലെ 52 ആയി. പച്ചമുളകും ഇഞ്ചിയും മാസങ്ങളായി കിലോയ്ക്ക് 40 രൂപയിൽ തുടരുകയാണ്. ഇടക്കാലത്ത് കുതിച്ചുയർന്ന മുരിങ്ങയ്ക്ക വില താഴ്ന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. വില 100 കടന്ന മുരിങ്ങയ്ക്കയ്ക്ക് നിലവിൽ 30 രൂപയാണ്. തക്കാളിക്ക് പത്ത് രൂപ കുറവുണ്ട്.

............................................

തമിഴ്നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. അത്യാവശ്യക്കാർ സാധനം വാങ്ങാനെത്തുന്നുണ്ടെങ്കിലും, വില കാരണം അളവ് വെട്ടിച്ചുരുക്കുകയാണ്

റിയാസ്, പച്ചക്കറി വ്യാപാരി

......................................

വിലവിവരം

ഇന്നലെ - കഴിഞ്ഞ ആഴ്ച

സവോള: 50 - 23

ഉള്ളി: 60 - 40

ബീൻസ്: 80 - 40

തക്കാളി: 30 - 40

കാരറ്റ്: 110 - 60

മുരിങ്ങിയ്ക്ക: 30 - 100

മാങ്ങ: 100 - 40

കിഴങ്ങ്: 45 - 40

...........................

ബീഫ് - 380 രൂപ

കോഴിയിറച്ചി - 200 രൂപ