വൈറ്റമിൻ സപ്ളിമെന്റ് മുടങ്ങിയിട്ട് ഏഴ് മാസം
ആലപ്പുഴ: നിശാന്ധത തുടങ്ങിയ നേത്രരോഗങ്ങൾ പ്രതിരോധിക്കുന്നതിനായി കുരുന്നുകൾക്ക് നൽകുന്ന വൈറ്റമിൻ എ സപ്ളിമെന്റിന് ജില്ലയിൽ ക്ഷാമം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നൽകിയിരുന്ന ഈ വൈറ്റമിൻ സപ്ളിമെന്റ് മുടങ്ങിയിട്ട് മാസം ഏഴാകുന്നു. വൈറ്റമിൻ എ സപ്ളിമെന്റിന് പകരം സമീകൃത ആഹാരം നൽകിയാൽ മതിയെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും മാതാപിതാക്കൾ ആശങ്കയിലാണ്.
മെഡിക്കൽ കോളേജിലും വനിതാ ശിശുക്ഷേമ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പ്രതിരോധമരുന്ന് നൽകുന്ന ദിവസങ്ങളിൽ വൈറ്റമിൻ എ അന്വേഷിച്ച് നിരവധി ആളുകളാണ് എത്തുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിച്ച് ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികൾ വഴിയാണു വൈറ്റമിൻ വിതരണം ചെയ്തിരുന്നത്. 9 മാസം തൊട്ടാണ് കുട്ടികൾക്ക് വൈറ്റമിൻ എ ആദ്യമായി നൽകുന്നത്. തുടർന്ന് 6 മാസത്തിലൊരിക്കൽ 5 വയസുവരെയാണ് നൽകുന്നത്. ആകെ 9 ഡോസുകൾ ലഭിക്കുന്ന തരത്തിലാണ് ഷെഡ്യൂൾ. വൈറ്റമിൻ എ നൽകുന്നത് കുട്ടികളുടെ മരണനിരക്ക് 24 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
.......
# സമീകൃത ആഹാരം
കുട്ടികളിൽ വൈറ്റമിൻ എയ്ക്ക് പകരം സമീകൃത ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. റാഗി, കടല,പയർ ,ഇലക്കറികൾ ,പച്ചക്കറികൾ,പഴവർഗങ്ങൾ എന്നിവ കുട്ടികൾക്ക് നൽകണം. മുലയൂട്ടുന്ന അമ്മമാർ പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും കുട്ടികൾക്ക് ഗുണം ചെയ്യും.
.......
'' വൈറ്റമിൻ വിതരണം മുടങ്ങിയിട്ട് ഏഴുമാസത്തോളമായി.ഒാരോ വാർഡിലും 5 വയസിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് മരുന്നില്ലെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി സന്ദർശനം ഒഴിവാക്കാനാണിത്. മരുന്ന് വരുമ്പോൾ ആശപ്രവർത്തകർക്ക് അറിയിപ്പ് നൽകും.
സുമ, ആശപ്രവർത്തക
......
വൈറ്റമിൻ എ സപ്ലിമെന്റ് ലഭ്യമാകാത്ത സാഹചര്യത്തിൽ പകരം വൈറ്റമിൻ എ ഉൾപ്പെടുന്ന സമീകൃതആഹാരം കുട്ടികൾക്ക് നൽകിയാൽ മതി. വൈറ്റമിൻ എ അടങ്ങിയ ടോണിക്കുകളും പകരമായി നൽകാം.
ഡോ.സത്യൻജി, റിട്ട.പീഡിയാട്രിിക് സർജൻ,
എം.സി.എച്ച് ആലപ്പുഴ