s

ഭക്തരുടെ വരവിൽ വലിയ കുറവ്

ആലപ്പുഴ: ഭക്തിക്കപ്പുറം കൊവിഡ് ഭീതി നട നിറഞ്ഞു നിൽക്കവേ, ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർ അകലുന്നത് വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടാക്കുന്നത്. നിത്യ പൂജയടക്കം മുടങ്ങാതിരിക്കാൻ പെടാപ്പാടുപെടുകയാണ് ക്ഷേത്രം ഭരണസമിതികൾ.

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പൂജകളെ വരുമാനക്കുറവ് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും കുടുംബങ്ങളും സ്വകാര്യ ട്രസ്റ്റുകളും നടത്തുന്ന ക്ഷേത്രങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. നിത്യപൂ‌ജയ്ക്കും നിവേദ്യത്തിനുമുള്ള എണ്ണയും തിരിയും അരിയുമടക്കം ഒഴിവാക്കാനാവാത്ത സാധനങ്ങൾ വാങ്ങുന്നത് മുതൽ പ്രതിസന്ധി ആരംഭിക്കുകയാണ്. പൂജാരിയുടെ ശമ്പളമടക്കം ഒരു ചെറിയ ക്ഷേത്രം മുടക്കമില്ലാതെ മുന്നോട്ട് പോകാൻ മാസം ചുരുങ്ങിയത് 30,000 രൂപ വേണ്ടിവരും. ദിവസേന രസീതെഴുതുന്ന വഴുപാടുകളും, ക്ഷേത്രത്തിൽ ലഭിക്കുന്ന കാണിക്കയും നേർച്ചയുമായിരുന്നു പ്രധാന വരുമാനം. എല്ലാ ക്ഷേത്രങ്ങളിലും പ്രായമായ ഭക്തരാണ് ഏറ്റവുമധികം എത്തിയിരുന്നത്. എന്നാൽ റിവേഴ്സ് ക്വാറന്റൈൻ എന്ന പൂട്ട് വീണതോടെ പലരും എത്താതെയായി. വരുമാനത്തിൽ ഇടിവ് വന്നതോടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചാണ് ചില ക്ഷേത്രങ്ങൾ കൊവിഡ് കാലത്ത് പിടിച്ചുനിൽക്കുന്നത്.

ഭരണസമിതി അംഗങ്ങൾ സ്വന്തം പണം വീതം വെച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്ന ക്ഷേത്രങ്ങളുണ്ട്. ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി ചടങ്ങുകൾ പലതും ക്ഷേത്രങ്ങളിൽ പുനരാരംഭിച്ചു. ചോറൂണ്, തുലാഭാരം പോലുള്ള ചടങ്ങുകൾ നടത്താമെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികളെ അകത്തു കയറ്റുന്നത് വെല്ലുവിളിയാണ്. ഇതോടെ ശ്രീകോവിലിന് പുറത്ത് കൊടിമരച്ചുവട്ടിലേക്ക് സ്ഥാനം മാറ്റിയാണ് ചടങ്ങുകൾ പല ക്ഷേത്രങ്ങളിലും നടത്തുന്നത്. രസീതെഴുതുന്ന വഴുപാടുകൾക്ക് ഇപ്പോൾ പ്രസാദം നൽകാറില്ല. ഭക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ, ദിവസേന 250 ലിറ്റർ പാൽപ്പായസം തയ്യാറാക്കി​യി​രുന്ന അമ്പലപ്പുഴ ക്ഷേത്രത്തിൽ ഇത് 50 ലിറ്ററായി വെട്ടിച്ചുരുക്കി.

........................................................................

പ്രതിസന്ധികൾ

 നിത്യപൂ‌‌ജ നടത്താൻ പ്രയാസം

 ജീവനക്കാർക്ക് ശമ്പളം നൽകാനാവുന്നില്ല

 എണ്ണയ്ക്കും നിവേദ്യത്തിനും വകയില്ല

 രസീത് മുറിച്ചുള്ള വഴുപാടുകൾ കുറഞ്ഞു

................................................................

ചെവല് കഠിനം

ക്ഷേത്രങ്ങളിൽ ശാന്തിമാർ, മേളക്കാർ, മാനേജർ, കഴകം, അടിച്ചുതളി, വാച്ചർ തുടങ്ങി വിവിധ തസ്തികകളുണ്ട്. ക്ഷേത്രത്തിന്റെ വരുമാനമനുസരിച്ച് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. നിത്യപൂജയുള്ള ചെറിയ ക്ഷേത്രത്തിൽ മാസം മൂവായിരം രൂപയുടെ എണ്ണ ആവശ്യമാണ്. 15 കിലോ അരി, നെയ്യ്, ശർക്കര, അവൽ, മലർ, ചന്ദനത്തിരി, പൂക്കൾ എന്നിവയും വേണം.

ഇടത്തരം ക്ഷേത്രങ്ങൾക്ക് മാസം ചെലവ്: ₹ 30,000- 50,000

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിബന്ധനകൾ ഏർപ്പെടുത്തിയാലും ക്ഷേത്രദർശനം മുടക്കാനാവാത്ത ഏതാനും വയോധികർ മാത്രമാണ് നിത്യവും എത്തുന്നത്. സമീപവാസികളുടെയും ക്ഷേത്രം അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് നിത്യപൂജ മുടങ്ങാതെ നടത്താനാവുന്നത്

കവിരാജ്, ക്ഷേത്രം ശാന്തി, മാപ്രാംപള്ളി ഭദ്രകാളി ക്ഷേത്രം, കളർകോട്

വരുമാനമില്ലാതായതോടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും ക്ഷേത്രസമിതി അംഗങ്ങൾ സഹകരിച്ചുമാണ് പല ക്ഷേത്രങ്ങളിലും ശമ്പളമടക്കം നൽകുന്നത്

വിവേക്, ജോയിന്റ് സെക്രട്ടറി, പിള്ളയാർ കോവിൽ, തിരുവമ്പാടി