ആലപ്പുഴ: കൈനകരി വാവക്കാട് പാടശേഖരത്തിൽ നെല്ലുത്പാദക സമിതിയുടെ പൊതുയോഗം കൂടാത്തതിൽ പ്രതിഷേധം ഉയരുന്നു. കർഷകരുടെ പരാതിയെ തുടർന്ന് പുഞ്ച സ്പെഷ്യൽ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ 28ന് പൊതുയോഗം കൂടണമെന്ന് സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുയോഗം കൂടാത്ത സമിതിയുടെ നിലപാടിനെതിരെ വീണ്ടും കർഷകർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് പരാതി നൽകി. അടിക്കടി ഉണ്ടാകുന്ന മടവീഴ്ച തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റിൽ ഉണ്ടായ മടവീഴ്ചയിൽ രണ്ടാം കൃഷി പൂർണ്ണമായും നശിച്ചു. മടകുത്താൻ അനുവദിച്ച തുക വേണ്ട വിധം വിനിയോഗിക്കുന്നതിൽ സമിതി ഭാരവാഹികൾ വീഴ്ച വരുത്തിയെന്ന് കർഷകർ ആരോപിച്ചു.