photo

ചേർത്തല: എസ്.എൻ ട്രസ്റ്റ് മൂന്നാം ഘട്ട വോട്ടെടുപ്പിൽ വിദഗ്ദ്ധ സമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെയും എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും. ചേർത്തല എസ്.എൻ കോളേജിൽ നടന്ന വോട്ടെടുപ്പിൽ ഡോ.വിനോദ്കുമാർ പവിത്രൻ, ഡോ.കെ.ഷാജികുമാർ, അഡ്വ.സേതുറാം ധർമ്മപാലൻ എന്നിവരെയാണ് വിദഗ്ദ്ധ അംഗങ്ങളായി തിരഞ്ഞെടുത്തത്.

നോമിനേഷൻ നടപടികൾ പൂർത്തിയായതോടെ, എതിർ സ്ഥാനാർത്ഥികൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ മൂന്നു പേരെയും തിരഞ്ഞെടുത്തതായി വരണാധികാരി അഡ്വ.ബി.ജി.ഹരീന്ദ്രനാഥ് പ്രഖ്യാപിച്ചു.തണ്ണീർമുക്കം മരുത്തോർവട്ടം ശ്രീകോവിലിൽ ഡോ.വിനോദ്കുമാർ ചേർത്തല കെ.വി.എം ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമാണ്. മനക്കോടം കേശവൻ വൈദ്യരുടെ ചെറുമകനായ സേതുറാം ധർമ്മപാലൻ ആലപ്പുഴ കോടതിയിലെ അഭിഭാഷകനാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയുമാണ്. യു.കെയിൽ നിന്ന് എം.ബി.എ നേടിയിട്ടുണ്ട്. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ (കൊല്ലം മെഡിസിറ്റി) മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ.കെ.ഷാജികുമാർ കൊല്ലം തേവള്ളി ഓലയിൽ ജയൻ നഗർ 95ൽ ഗോകുലത്തിലാണ് താമസം.

ഇന്ന് രാവിലെ 9ന് ചേർത്തല ശ്രീനാരായണ കോളേജ് ഓഡി​റ്റോറിയത്തിൽ, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ യോഗം ചേർന്ന് എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കും. തുടർന്ന് ചെയർമാൻ, സെക്രട്ടറി,അസിസ്​റ്റന്റ് സെക്രട്ടറി, ട്രഷറർ,എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കും. ആലപ്പുഴ കളക്ടറുടെ ഉത്തരവിനും നിർദ്ദേശങ്ങൾക്കും വിധേയമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ. മുൻ ലാ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജുമായ അഡ്വ.ബി.ജി.ഹരീന്ദ്രനാഥാണ് ചീഫ് റിട്ടേണിംഗ് ഓഫീസർ. നേരത്തെ ഒന്ന്,രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനൽ സമ്പൂർണ വിജയം നേടിയിരുന്നു.