ambala

അമ്പലപ്പുഴ: പനി ബാധിച്ച് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിയ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കഞ്ഞിപ്പാടം പണ്ടാരക്കുളം പുത്തൻപറമ്പിൽ തോപ്പുചിറയിൽ സിദ്ദിഖ് (67) മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടനയായ സാന്ത്വനം പ്രവർത്തകർ മെഡി. ആശുപത്രിയിലെത്തി ഇന്നലെ വൈകിട്ട് 6 ഓടെ മൃതദേഹം ഏറ്റുവാങ്ങി കാക്കാഴം മുഹിയിദ്ദിൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

മൂന്നു ദിവസം മുമ്പ് പനിയെത്തുടർന്ന് സിദ്ദിഖ് വീട്ടിൽ കാൽവഴുതി വീഴുകയും സ്വകാര്യ ആശുപത്രിൽ ചികിത്സ തേടുകയും ചെയ്തു. പിന്നീട് വീട്ടിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ 3.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസിൽ മൃതദേഹം മെഡി. ആശുപത്രിയിൽ എത്തിച്ച് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

തെക്ക് പഞ്ചായത്ത് അധികൃതർ രേഖാമൂലം ആശുപത്രി അധികൃതർക്ക്, മൃതദേഹം പ്രോട്ടോക്കോൾ അനുസരിച്ച് അയയ്ക്കാമെന്ന് കത്ത് നൽകിയശേഷമാണ് വിട്ടുനൽകിയത്. സിദ്ദിഖിന്റെ ബന്ധുക്കളായ പത്തോളം പേരെയും, അയൽവാസികളായ 3 പേരെയും നിരീക്ഷണത്തിലാക്കിയതായി പഞ്ചായത്തംഗം രതിയമ്മ ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഭാര്യ: ജമീല. മക്കൾ: ഫസലുദ്ദിൻ, ആമിന, ഹാഷിം (സൗദി). മരുമക്കൾ: സുമി, ഇബ്രാഹിം, റസിയ