s

കൊവിഡിൽ കുടുങ്ങി പാഴ്സൽ കേന്ദ്രങ്ങൾ

ആലപ്പുഴ: കൊവിഡിന്റെ പലവിധ ഭാവഭേദങ്ങൾ നിമിത്തം സ്വകാര്യ മേഖലയ്ക്കൊപ്പം പോസ്റ്റ് ഓഫീസ് വഴിയുള്ള പാഴ്സൽ നീക്കവും അവതാളത്തിലായി. പാഴ്സൽ കേന്ദ്രങ്ങളിലെ ജീവനക്കാർ കൂട്ടത്തോടെ കൊവിഡ് ബാധിതരാകുന്നതും കണ്ടെയ്ൻമെന്റ് സോണുകളും യാത്രാതടസങ്ങളും പ്രതിസന്ധിയാകുമ്പോൾ രണ്ടു ദിവസംകൊണ്ട് ലഭിക്കേണ്ട പാഴ്സലുകൾക്കായി അഞ്ചും ആറും ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

കൊവിഡ് വ്യാപിച്ചു തുടങ്ങിയ മാർച്ചിൽ ഒന്നര മുതൽ രണ്ടാഴ്ച വരെ താമസമാണ് കൈമാറ്റത്തിൽ നേരിട്ടിരുന്നത്. ഇളവ് വന്നതോടെ സ്ഥിതിക്ക് നേരിയ പുരോഗതിയുണ്ട്. എന്നിട്ടും സാധാരണ നിലയിൽ നിന്ന് ദിവസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ് ഉപഭോക്താക്കളും വിവിധ സ്ഥാപനങ്ങളും. കഴിഞ്ഞ ആറ് മാസത്തിനിടെ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലുമുണ്ടായ കുറവ് മൂലം പല സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾക്കും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടി വന്നിട്ടുണ്ട്. സമയത്ത് പാഴ്സൽ എത്തിക്കാൻ ജീവനക്കാരുടെ കുറവും കാരണമാകുന്നു.

പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ പഴയതുപോലെ പോലെ പാഴ്സൽ വസ്തുക്കളുടെ കുത്തൊഴുക്കില്ല. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പടെ ചികിത്സാസംബന്ധിയായ വസ്തുക്കളാണിപ്പോൾ പാഴ്സലായി എത്തുന്നതെന്ന് കൊറിയർ ഏജൻസികൾ പറയുന്നു. മുമ്പ് ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന സാധനങ്ങൾ ധാരാളമായി എത്താറുണ്ടായിരുന്നു.

ഹബ്ബുമായി പോസ്റ്റൽ വകുപ്പ്

കൊവിഡിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ, പോസ്റ്റൽ പാഴ്സൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ആലപ്പുഴ നഗരത്തിൽ പുന്നപ്ര മുതൽ അവലൂക്കുന്ന് വരെയുള്ള പ്രദേശത്ത് എത്തിക്കേണ്ട പാഴ്സൽ സൂക്ഷിക്കുന്നതിനായി ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ ഹബ്ബ് പ്രവർത്തിക്കുന്നുണ്ട്. രണ്ട് സ്ഥിരം ജീവനക്കാരെ നിയമിച്ചാണ് ഹബ്ബിന്റെ പ്രവർത്തനം. മറ്റ് പ്രദേശങ്ങളിലെ സാധനങ്ങൾ അതത് പോസ്റ്റ് ഓഫീസുകളിൽ നിന്നു പോസ്റ്റ്മാൻ വഴി ഉപഭോക്താവിന്റെ വിലാസത്തിലെത്തിക്കും. ആദ്യ 500 ഗ്രാമിന് 19 രൂപയും രജിസ്ട്രേഷൻ ചാ‌‌ർജ് 17 രൂപയുമാണ്. തുടർന്നുള്ള ഓരോ 500 ഗ്രാമിനും 16 രൂപ വീതവുമാണ് ഈടാക്കുക.

കളമൊരുക്കി കെ.എസ്.ആർ.ടി.സിയും

കെ.എസ്.ആർ.ടി.സിയും പാഴ്സൽ സർവീസിന് തുടക്കം കുറിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് എന്ന പേരിൽ തിരുവനന്തപുരത്ത് തുടക്കമിട്ട സർവീസ് വൈകാതെ ആലപ്പുഴയിലുമെത്തും. വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകൾ എത്തിക്കും. പി.എസ്.സി, യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവിടങ്ങളിലേക്കുള്ള ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും ജി.പി.എസ് സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

പ്രതിസന്ധികൾ

 ഗതാഗത സംവിധാനങ്ങൾ പൂർണമല്ല

 പാഴ്സൽ കേന്ദ്രങ്ങളിലെ കൊവിഡ് വ്യാപനം

 ജീവനക്കാരുടെ കുറവ്

 കണ്ടെയ്ൻമെന്റ് സോണുകൾ കൂടുന്നു

 വിദേശത്തേക്ക് പാഴ്സൽ പോകുന്നില്ല

...................................

ഗതാഗതം സുഗമമല്ലാത്തതാണ് നിലവിലെ പ്രതിസന്ധി. മരുന്നുകളാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. കൊവിഡിന്റെ തുടക്ക സമയത്ത് ഒരാഴ്ചയിലധികം കാലതാമസം നേരിട്ടിരുന്നു. ഇപ്പോൾ നാല് ദിവസം വരെ വൈകിയാണ് സാധനം എത്തുന്നത്

എസ്.ടി കൊറിയർ സർവീസ്, ആലപ്പുഴ