s

ആലപ്പുഴ: ഒരു കത്ത് കൊടുക്കുന്ന ലാഘവത്തോടെയാണ് രാജിക്കത്തുമായി ആനന്ദവല്ലി മുല്ലയ്ക്കലുള്ള പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെത്തിയത്. ബാഗിലിരുന്ന കത്തെടുത്ത് സുഹൃത്തുകൂടിയായ സ്റ്റെനോഗ്രാഫർക്ക് കൈമാറി.

മേൽവിലാസം ഇങ്ങനെ: ദി പോസ്റ്റൽ സൂപ്രണ്ട്, ആലപ്പുഴ. കാര്യം പറഞ്ഞു. കൂട്ടുകാർക്കും ബന്ധുക്കൾക്കും ഞാൻ ഈ ജോലി ചെയ്യുന്നത് ഇഷ്ടമല്ല. രാജിക്കത്താണ്. ഇടംവലം നോക്കാതെ സുഹൃത്ത് രാജിക്കത്ത് വലിച്ചുകീറി ദൂരെയെറിഞ്ഞു.

പോസ്റ്റൽ സൂപ്രണ്ടിന്റെ മേൽവിലാസത്തിലെഴുതിയ കത്ത്, അതേ ഓഫീസിലെ കീഴ്ജീവനക്കാരൻ വലിച്ചുകീറി കളഞ്ഞതോടെ അത് മേൽവിലാസക്കാരന് കിട്ടിയില്ല. കേരളത്തിലെ ആദ്യ പോസ്റ്റ് വുമണായ കെ.ആർ.ആനന്ദവല്ലി അതിനുശേഷം വിരമിക്കുന്നതുവരെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വിട്ട് മറ്റൊരു ജോലിക്കും പോയില്ല. പ്രായം എൺപത്തിയഞ്ചായി. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടുമുഖത്തിൽ വീട്ടിൽ വിശ്രമജീവിതത്തിലാണിപ്പോൾ.

പഴയ കാര്യങ്ങൾ ഇപ്പോഴും ഓർക്കുന്നു

പോസ്റ്റൽ വകുപ്പിലെ ജോലിക്ക് സ്ത്രീകൾ വിമുഖത കാട്ടിയിരുന്ന കാലം. 1956ൽ ആലപ്പുഴ കല്ലുപാലത്തിന് സമീപം ബ്രാഞ്ച് ഓഫീസിൽ ജോലി കിട്ടി. സ്ഥിരനിയമനമല്ല. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ജോലി. ശമ്പളം മാസം 22 രൂപ. സ്റ്റാമ്പ് വില്പനയും മണിഓർഡർ കൈമാറ്റവുമാണ് ചുമതല. എട്ടുകൊല്ലത്തോളം ജോലി ചെയ്തു. ഇതിനിടെ പോസ്റ്റ് വുമൺ തസ്തികയിൽ അപേക്ഷിച്ചു, ടെസ്റ്ര് പാസായി. മൂന്ന് മാസം മൈസൂരുവിൽ പരിശീലനം. ആലപ്പുഴ വെള്ളക്കിണർ പോസ്റ്റ് ഓഫീസിൽ നിയമനം. ശമ്പളം മാസം 97.5 രൂപ. താമസിയാതെ പരിചയക്കാരും ബന്ധുക്കളും നിരുത്സാഹപ്പെടുത്താൻ തുടങ്ങി. അങ്ങനെയാണ് രാജിക്കത്തുമായി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെത്തിയത്.

അ‌ച്ഛൻ കെ.ആർ.രാഘവൻ വൈദ്യരുടെ ആരോഗ്യപ്രദായനി മെഡിക്കൽസ് വെള്ളക്കിണറിന് സമീപമായിരുന്നു. യുവതി ആയതിനാൽ ചുറ്റുവട്ടത്തെ കത്തുകൾ കൊടുക്കാനുള്ള ചുമതലയാണ് കിട്ടിയത്. പ്രദേശവാസികൾ അച്ഛന്റെ പരിചയക്കാർ. കത്തുകളുമായി അച്ഛനൊപ്പം വൈദ്യശാലയിലിരുന്നാൽ മതി. മേൽവിലാസക്കാർ വന്നു വാങ്ങിക്കൊള്ളും. മറ്റുള്ളവർക്ക് വീടുകളിലെത്തിക്കും.

ഇതിനിടെ സംസ്കൃത സ്കൂൾ അദ്ധ്യാപകൻ വി.കെ.രാജനുമായി വിവാഹം.1991ൽ മുഹമ്മ സബ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. ഭർത്താവ് രാജൻ മരിച്ചു. ഏക മകനും ഫോട്ടോഗ്രാഫറുമായ ധനരാജിനൊപ്പം താമസം. മരുമകൾ ചിത്രകാരിയായ ശ്രീവള്ളി.