s

രക്ഷാപ്രവർത്തനുമായി കയർഫെഡ്

ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നുള്ള ചകിരി വരവ് ഗണ്യമായി കുറഞ്ഞതോടെ പ്രതിസന്ധിയിലായ കയർമേഖലയ്ക്ക് സഹായ ഹസ്തവുമായി കയർഫെഡ്. ഈ വർഷം ഒരുലക്ഷം ക്വിന്റൽ ചകിരി സംസ്ഥാനത്ത് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വരുന്ന ആറു മാസത്തേക്ക് സംസ്ഥാനത്തിന് ആവശ്യമായത് 20,000 ടൺ ചകിരിയാണ്. നിലവിൽ ഇതിന്റെ 40 ശതമാനം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. ശേഷിച്ച ചകിരി തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്. മുൻകാലങ്ങളിൽ സംഘങ്ങൾ നേരിട്ടായിരുന്നു ചകിരി എടുത്തിരുന്നത്. സർക്കാർ നിർദേശത്തെ തുടർന്ന് കയർഫെഡാണ് കഴിഞ്ഞ ജൂൺ മുതൽ കരാറുകാർ വഴി സംഘങ്ങൾക്ക് ചകിരി എത്തിക്കുന്നത്. മോശം ചകിരി സംഘങ്ങളിൽ വിതരണം നടത്തിയാൽ ലാബ് ടെസ്റ്റ് നടത്തി ഗുണനിലവാരത്തിന് അനുസരിച്ചുള്ള വില മാത്രമേ കരാറുകാരന് നൽകുകയുള്ളൂ എന്ന് കയർഫെഡ് വ്യക്തമാക്കിയതോടെ കരാറുകാർ ലോഡിന്റെ എണ്ണം കുറച്ചു. ഇതു മറികടക്കാൻ കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ സംസ്ഥാനത്തെ മുഴുവൻ ചകിരി ഉത്പാദകരുടെയും യോഗം വിളിച്ച് കൂടുതൽ ചകിരി ഉത്പാദിപ്പിക്കാൻ തീരുമാനമായി. അടുത്ത ദിവസം മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ചകിരി ഉത്പാദകരുടെ യോഗം ചേരും.

കർക്കിടകം മുതൽ ധനുവരെ നാളീകേരത്തിന്റെ ഉത്പാദനം കുറവാണ്. ഈ കാലയളവിൽ ചകിരിക്ക് വില കൂടുമെന്നതിനാൽ സംഘങ്ങൾ ചകിരി മുൻകൂട്ടി ശേഖരിക്കുകയാണ് പതിവ്. ഇത്തവണ അങ്ങനെ സംഭരിക്കാതിരുന്നതും പ്രശ്നമായി. ഏറ്റവും കൂടുതൽ കയർ ഉത്പാദിപ്പിക്കുന്നത് കായംകുളം പ്രോജക്ടിലാണ്. ചകിരിയുടെ വരവ് കുറഞ്ഞതോടെ കായംകുളം പ്രോജക്ടിൽ കയർ ഉത്പാദനം കുറഞ്ഞു. ഗുണമേന്മ കൂടുതലുള്ള വൈക്കം, ആറാട്ടുപുഴ ബ്രാൻഡാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്ടിലെ സ്വകാര്യ സംരംഭകർ കയർ ഉത്പാദന യൂണിറ്റുകൾ ആരംഭിച്ചതും വെല്ലുവിളിയായി. പൊള്ളാച്ചിയിലെ ചകിരി വ്യവസായ കേന്ദ്രത്തിൽ നിന്ന് തമിഴ്നാട്ടിലെ സ്വകാര്യ സംരംഭകർ നടത്തുന്ന കയർ ഉത്പാദന യൂണിറ്റുകളിലേക്ക് ചകിരി വൻതോതിൽ എത്തുന്നുണ്ട്. സംസ്ഥാനത്ത് 100ൽ അധികം ചകിരി മില്ലുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഒരുമില്ലിൽ 4000 തേങ്ങയുടെ തൊണ്ട് ചകിരിയാക്കാം.

സർവത്ര നഷ്ടം

നല്ല ചകിരിയാണെങ്കിൽ ഒരു കിലോയ്ക്ക് ആറാട്ടുപുഴ കയർ 80 ശതമാനവും വൈക്കം കയർ 90 ശതമാനവും ലഭിക്കും. മോശമായ ചകിരിയാണെങ്കിൽ യഥാക്രമം 70ഉം 78ഉം ശതമാനമായി കുറയും. ഈ കുറവ് സംഘവും തൊഴിലാളികളും വഹിക്കേണ്ടിവരും. കായംകുളം പ്രോജക്ടിൽ മാത്രം 105 സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

............................

30 കിലോ ചകിരി (ഒരു കെട്ട്): മുമ്പ്: 680, നിലവിൽ 790

.................................

20,000 ടൺ: ആറുമാസത്തേക്ക് കേരളത്തിനു വേണ്ട ചകിരി

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് ഇതിന്റെ 40 ശതമാനം

.............................................

ഇപ്പോൾ ഓഫ് സീസൺ ആയതിനാൽ ചകിരി ക്ഷാമം ഇല്ലാതാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ 15 ലോഡ് ചകിരി സംസ്ഥാനത്തെ വിവിധ കയർപ്രൊജക്ടുകളിലെ സംഘങ്ങളിൽ എത്തിച്ചു. സർക്കാർ നൽകിയ ലക്ഷ്യത്തിലെത്താൻ ആവശ്യമായ ചകിരി എല്ലാ സംഘങ്ങളിലും എത്തിക്കും. ചകിരിയുടെ ആഭ്യന്തര ഉത്പാദനം ഈ വർഷം ഒരുലക്ഷം ക്വിന്റൽ ആക്കും

അഡ്വ. എൻ.സായികുമാർ, പ്രസിഡന്റ്, കയർഫെഡ്