
ആലപ്പുഴ: ബിരുദ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷയിൽ മതം പൂരിപ്പിക്കേണ്ട കോളത്തിൽ ജൈന മതം ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സംവരണ സീറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി വിദ്യാർത്ഥിനി.
ആലപ്പുഴ ബീച്ച് റോഡ് ജെയിൻ ബിൽഡിംഗിൽ കെ.രമേഷ്‌കുമാറിന്റെ മകൾ സിമ്രാൻ രമേഷ് ലുഥിയ (17) ആണ് പരാതിക്കാരി. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജിൽ ബി.കോം കോഴ്സിലേക്കാണ് സിമ്രാൻ അപേക്ഷ സമർപ്പിച്ചത്. ഓപ്ഷനിൽ ജൈന മതമില്ലാത്തതിനാൽ ഹിന്ദു എന്നാണ് പൂരിപ്പിച്ചത്. ഇത് മൂലം ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടതോടെ, തന്റെ സംവരണാവകാശം നഷ്ടപ്പെട്ടുവെന്ന് സിമ്രാൻ പറയുന്നു. ന്യൂനപക്ഷ മന്ത്രാലയം 2014ൽ പുറപ്പെടുവിച്ച ഗസറ്റ് ഉത്തരവ് പ്രകാരം ജൈനമതസ്ഥരെ ന്യൂനപക്ഷ വിഭാഗമായി അംഗീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി തയാറാക്കിയിരിക്കുന്ന ഓപ്ഷനിൽ ജൈന വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ആദ്യ അലോട്ട്മെന്റിൽ തന്നെ തനിക്ക് സീറ്റ് ഉറപ്പാകുമായിരുന്നുവെന്ന് സിമ്രാൻ പറയുന്നു.
ജൈനവിഭാഗക്കാരിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വൈസ് ചാൻസലർക്ക് അപേക്ഷ സമർപ്പിച്ചാൽ സിമ്രാന്റെ അഡ്മിഷൻ വിഷയത്തിൽ പരിഗണന ലഭിക്കുമെന്ന് സിൻഡിക്കേറ്റംഗം അഡ്വ കെ.എച്ച്. ബാബുജാൻ പറഞ്ഞു. ഓപ്ഷനിൽ ഉൾപ്പെട്ടിട്ടില്ലാത്ത ന്യൂനപക്ഷ വിഭാഗക്കാർക്ക് വേണ്ടി പ്രത്യേക ഓപ്ഷൻ തയാറാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു..