vellapally

ചേർത്തല: എസ്.എൻ ട്രസ്റ്ര് സെക്രട്ടറിയായി തുടർച്ചയായ ഒൻപതാം തവണയും വെള്ളാപ്പള്ളി നടേശൻ തിരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്ര് ചരിത്രത്തിൽ മറ്റാർക്കും കൈവരിക്കാനാവാത്ത വിജയമാണിത്. ഡോ.എം.എൻ.സോമനാണ് ചെയർമാൻ.

ചേർത്തല എസ്.എൻ കോളേജ് ആഡി​റ്റോറിയത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാർ വെള്ളാപ്പള്ളിയെയും ട്രഷററായി ഡോ.ജി. ജയദേവനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അജി എസ്.ആർ.എം,മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എം.രവീന്ദ്രൻ,സന്തോഷ് അരയാക്കണ്ടി, മേലാങ്കോട് സുധാകരൻ.

1996 ഡിസംബറിലാണ് വെള്ളാപ്പള്ളി നടേശൻ ആദ്യമായി എസ്.എൻ ട്രസ്റ്രിന്റെ സെക്രട്ടറിയായത്. കൊല്ലത്ത് നടന്ന യോഗത്തിൽ ഏകകണ്ഠമായാണ് വെള്ളാപ്പള്ളിയെ തീരുമാനിച്ചത്. തുടർന്ന് മൂന്നു വർഷം കൂടുമ്പോൾ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരമില്ലാതെയാണ് സെക്രട്ടറി പദത്തിലെത്തിയത്. 1997 ൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായി. ഡോ.എം.എൻ.സോമൻ നാലാം തവണയാണ് ട്രസ്റ്റ് ചെയർമാനാകുന്നത്. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റുമാണ്. യോഗം വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയും നാലാം തവണയാണ് അസി.സെക്രട്ടറിയാവുന്നത്. ഡോ. ജി. ജയദേവൻ ഏഴാം തവണയാണ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നലെ രാവിലെ ചേർന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചു. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരി അഡ്വ.ബി.ജി.ഹരീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.