ആലപ്പുഴ: വ്യക്തമായ ചർച്ചകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മത്സ്യനയത്തിനെതിരെ പ്രതിഷേധമുയരുന്നു. സംസ്ഥാന സർക്കാരുകളോടോ, മത്സ്യത്തൊഴിലാളി സംഘടനകളോടോ വിഷയത്തിൽ യാതൊരു ചർച്ചയും കേന്ദ്രം നടത്തിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. ദേശീയതലത്തിൽ നിലവിലുള്ള സമുദ്ര മത്സ്യബന്ധന നയം, ഉൾനാടൻ മത്സ്യബന്ധന നയം, കടൽ മത്സ്യകൃഷി നയം, മത്സ്യ- മത്സ്യോത്പന്നങ്ങളുടെ സംസ്കരണ- വിപണന നയം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഏകീകൃത നയം വരുന്നത്. കടലിനെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുന്ന പുതിയ നയം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നാവശ്യപ്പെട്ട് സമരമാർഗങ്ങളിലേക്ക് കടക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ. ഇതിന്റെ ആദ്യപടിയായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും. തീരക്കടലിന്റെ 12 നോട്ടിക്കൽ മൈൽ (22 കിലോ മീറ്റർ) സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന പ്രദേശമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനങ്ങൾക്ക് അധികാരം നഷ്ടമാകുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആശങ്കപ്പെടുന്നു. കടലിൽ മത്സ്യകൃഷി അടക്കമുള്ള പദ്ധതികൾക്ക് അവസരം നൽകി കോർപ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനങ്ങളുടെ തീരക്കടൽ അധികാരപരിധി 36 നോട്ടിക്കൽ മൈലാക്കി പരിഷ്ക്കരിക്കണമെന്ന് കേരളം നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും കേന്ദ്രം വിഷയം പരിഗണനയ്ക്കെടുത്തിട്ടില്ല.

''കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയിലേക്ക് എന്നതുപോലെ തീരക്കടൽ പരിധിയിലും കടന്നുകയറാൻ അവസരം നൽകുന്നതാണ് പുതിയ മത്സ്യബന്ധന നയം. സർവ നിയന്ത്രണവും കേന്ദ്രത്തിന്റെ കൈപ്പിടിയിലാക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരുകളോടോ, മത്സ്യത്തൊഴിലാളി സംഘടനകളോടോ ചർച്ച ചെയ്യാതെയാണ് നയത്തിന്റെ കരട് പ്രഖ്യാപിച്ചത്

- ടി.‌ജെ. ആഞ്ചലോസ്, സംസ്ഥാന പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)