
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിനെ ശുചിത്വ ബ്ലോക്കായി ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ശുചിത്വ മാലിന്യ സംസ്‌ക്കരണ ഉപമിഷൻ എന്നിവർ സംയുക്തമായി നടത്തിയ ശുചിത്വ പദവി നിർണയത്തിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. ശുചിത്വമെന്നത് ജീവിത ശൈലിയായി മാറ്റപ്പെടുകയാണ് വേണ്ടതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാത്രം ഉൾപ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ശുചിത്വ പ്രഖ്യാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിലഞ്ചിത ഷാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം സുമ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയൻ തോമസ്, ഹരിതകേരള മിഷൻ ജില്ല കോ-ഓഡിനേറ്റർ കെ.എസ്. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.