
ചേർത്തല:ശ്രീനാരായണ ഗുരുദേവൻ തെളിച്ച പാതയിൽ കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാനുള്ള അംഗീകാരമാണ് എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിലെ സമ്പൂർണ വിജയമെന്ന് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ കോളേജ് ആഡിറ്റോറിയത്തിൽ ട്രസ്റ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റിന്റെ ഇന്നോളമുള്ള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം ഈഴവ സമുദായത്തെ വെല്ലുവിളിച്ചവർക്കെതിരെയുള്ള വിധിയെഴുത്താണിത്. ട്രസ്റ്റിനെ റിസീവർ ഭരണത്തിലാക്കാനുള്ള വിദ്ധ്വംസക പ്രവർത്തനങ്ങൾക്കേറ്റ തിരിച്ചടിയാണ്. ട്രസ്റ്റിനെയും സമുദായത്തെയും തകർക്കാൻ വ്യക്തിഹത്യയും കള്ളപ്പരാതിയും നൽകിയവർക്ക് ചുട്ട മറുപടിയാണ് ലഭിച്ചത്. ശത്രുക്കൾക്ക് ദുരന്തസമാനമായ അന്ത്യമാണുണ്ടായത്. കെട്ടിവച്ച പണം നഷ്ടപ്പെട്ടു. സമുദായത്തിന്റെ സമ്പത്ത് കൊള്ളയടിച്ചയാളുടെ മരണം പോലും മാർക്കറ്റ് ചെയ്യാനുള്ള നീച ശ്രമം നടത്തി. മരിച്ച വ്യക്തിയുടെ സമീപവാസികളുടെയും, ഒപ്പം നടന്നവരുടെയും വോട്ട് പോലും നേടാനായില്ല. വലിയവരാണെന്ന് സ്വയം നടിച്ചവർക്ക് ജനകീയ പിന്തുണയില്ലെന്ന് വ്യക്തമായി. സ്വയം നശിക്കാനിറങ്ങിയവർ സമുദായത്തെയും നശിപ്പിക്കാനാണ് ശ്രമിച്ചത്. ഇത്രയും ക്രൂരത പാടില്ല. ഇവർ കർമ്മം ചെയ്യില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല. നിരന്തരം വ്യവഹാരങ്ങളുമായി കോടതികളെ മാത്രം ആശ്രയിക്കുന്നവരെ ജനം തിരിച്ചറിഞ്ഞു. സമുദായ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾ ചുറ്റുമുണ്ട്. ഈഴവ സമുദായത്തിന്റെ കൂട്ടായ്മയെ ഭയക്കുന്നവരാണ് ഇവർ. ഒന്നായി നിന്ന് നന്നാകാൻ ശ്രമിക്കണം. സത്യവും ധർമ്മവും നീതിയും ശരിയും തിരിച്ചറിഞ്ഞാണ് സമുദായം വിധിയെഴുതിയത്. ഗുരുവിന്റെ പാതയിൽ നിന്ന് മാറി, തന്നെയും ട്രസ്റ്റിനെയും കരിവാരിത്തേക്കാൻ ശ്രമിച്ചവരോട് പകയും പരിഭവവുമില്ല. സമൂഹത്തിന് മുന്നിൽ പരിഹാസ്യരാകാതെ, തെറ്റുകൾ തിരുത്തി സമുദായത്തോട് ചേർന്ന് പ്രവർത്തിക്കണം. എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടു പോകാനുള്ള പരിശ്രമം തുടരും.
ശ്രീനാരായണ ദർശനത്തിന്റെ പ്രസക്തിയേറുന്ന കാലഘട്ടമാണിത്. ഇതിന്റെ പ്രതിഫലനങ്ങളാണ് ഇന്ത്യൻ പാർലമെന്റിലടക്കം മുഴങ്ങിക്കേട്ടത്.വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ അരുളിയ ഗുരുവിന്റെ നാമധേയത്തിൽ പ്രവർത്തനം തുടങ്ങിയ സർവകലാശാല, കേരളത്തിന്റെ വിദ്യാഭ്യാസ വഴികളിൽ കൂടുതൽ കരുത്ത് പകരും. ട്രസ്റ്റ് തിരഞ്ഞെടുപ്പ് നീതിപൂർവമായി നടത്താൻ സഹായിച്ച സംസ്ഥാന സർക്കാരിനും കോടതിക്കും പൊലീസ് ഉൾപ്പെടെയുള്ള നിയമപാലകർക്കും വെള്ളാപ്പള്ളി നന്ദി പറഞ്ഞു.
ചെയർമാൻ ഡോ.എം.എൻ.സോമൻ, അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി, ട്രഷറർ ഡോ.ജി.ജയദേവൻ, വരണാധികാരി അഡ്വ.ബി.ജി.ഹരീന്ദ്രനാഥ്, ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻബാബു തുടങ്ങിയവരും പങ്കെടുത്തു.
കൊവിഡ് നിയന്ത്രണങ്ങൾ
പാലിച്ച തിരഞ്ഞെടുപ്പ്
 എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് ഇന്നലെ ചേർത്തല എസ്.എൻ.കോളേജിൽ എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. സാമൂഹ്യ അകലം പാലിച്ചാണ് കോളേജിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചത്.
എസ്.എൻ. ട്രസ്റ്ര് എക്സിക്യൂട്ടീവിലേക്ക് 21 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ നിയന്ത്രണങ്ങൾ കാരണം നാല് ഭാരവാഹികൾ ഉൾപ്പെടെ 13 പേരെയാണ് ഇന്നലെ തിരഞ്ഞെടുത്തത്. ബാക്കി എട്ട് അംഗങ്ങളെ പ്രത്യേക വാർഷിക പൊതുയോഗം വിളിച്ചു ചേർത്ത് തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
തടയാനാവില്ല,
ഈ കരുത്തിനെ
 പലരും പലവുരു പയറ്റി നോക്കി. കളത്തിലിറങ്ങിയവർ ആയുധം വച്ച് കീഴടങ്ങി. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് കാൽ നൂറ്റാണ്ട് തികയ്ക്കാനൊരുങ്ങുന്ന വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവത്തിന് കടിഞ്ഞാണിടൽ അപ്രായോഗികമെന്ന് തെളിയിക്കുന്നതായി ഇത്തവണത്തെ ട്രസ്റ്ര് തിരഞ്ഞെടുപ്പും.
പല ഭാഗങ്ങളിൽ നിന്ന് വീരവാദങ്ങളും വീമ്പുപറച്ചിലുകളും ആവോളം മുഴങ്ങി. വിഷം പുരട്ടിയ വാക്കുകൾ ധാരാളം അന്തരീക്ഷത്തിൽ പടർത്തി. എതിർക്കാൻ നിന്നവർക്ക് കാൽച്ചുവട്ടിലെ മണ്ണ് മാറിയപ്പോഴാണ് പൊരുതാൻ കെല്പില്ലെന്ന് സ്വയം ബോദ്ധ്യമായത്. അതോടെ പിൻവാങ്ങലായി. എന്നിട്ടും, സർവം ക്ഷമിക്കാൻ സന്നദ്ധനാണ് വെള്ളാപ്പള്ളി നടേശനെന്ന കരുത്തനായ സംഘാടകൻ.
മൂന്ന് ഘട്ടങ്ങളിലായാണ് ട്രസ്റ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായത്. ഒന്നാം ഘട്ടത്തിൽ 10 റീജിയണുകളിൽ എട്ടിടത്തും വെള്ളാപ്പള്ളി പക്ഷത്തിന് എതിരുണ്ടായില്ല. ചേർത്തലയിലും കൊല്ലത്തും ചിലർ തല പൊക്കിയെങ്കിലും തീർത്തും ദുർബ്ബലമായി. രണ്ടാം ഘട്ടത്തിൽ വെള്ളാപ്പള്ളി പക്ഷത്തു നിന്ന് 224 പേരും എതിർപക്ഷത്ത് 92 പേരുമാണ് മത്സരിച്ചത്. എതിർപക്ഷക്കാർക്ക് കെട്ടിവച്ച പണം നഷ്ടമായെന്ന് മാത്രമല്ല, മിനിമം വോട്ടു പോലും പിടിക്കാനാവാതെ അപഹാസ്യരുമായി. മൂന്ന് വിദഗ്ദ്ധ അംഗങ്ങളെയും എതിരില്ലാതെ തിരഞ്ഞെടുത്തതോടെ, വിജയം സമ്പൂർണമായി.
1996 ഡിസംബറിൽ കൊല്ലത്ത് നടന്ന വാർഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്. സ്വാമി ശാശ്വതീകാനന്ദയുടെ നിർബന്ധപ്രകാരമായിരുന്നു ഇത്. ഈഴവ സമുദായത്തിന് നേതാവില്ലെന്ന മുൻ മുഖ്യമന്ത്രിയുടെ പരിഹാസമാണ്, ശക്തനായ നേതാവ് വേണമെന്ന പൊതുവികാരം ഉയർത്തിയത്. അടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിലൂടെ എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്തുമെത്തി. തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വെള്ളാപ്പള്ളി അജയ്യനായി.
83 കാരനായ വെള്ളാപ്പള്ളി 56 വർഷമായി കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമാണ്.1937 സെപ്തംബർ 10 ന് കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി വി.കെ. കേശവന്റെയും ദേവകിയുടെയും മകനായി ജനനം. എ.കെ. ആന്റണി, വയലാർ രവി എന്നിവരോടൊപ്പം കെ.എസ്.യു രൂപീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ള കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി. ഭാര്യ:പ്രീതി നടേശൻ. മക്കൾ: തുഷാർ, വന്ദന. മരുമക്കൾ:ആശ, ശ്രീകുമാർ.