wtt

ആലപ്പുഴ: 'നിങ്ങളുടെ സ്റ്റാറ്റസ് 30ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ? എങ്കിൽ നിങ്ങൾക്കും പണമുണ്ടാക്കാം, ദിവസേന 500 രൂപ വരെ നേടാം...'- കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടുമിക്ക മലയാളികളുടെയും വാട്സാപ്പ് സന്ദേശമായിരുന്നു ഈ വാചകങ്ങൾ. ഇതേപോലെ സ്റ്റാറ്റസ് ഇട്ട് തട്ടിപ്പിറങ്ങിയവരെ കുടുക്കാൻ പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്.

തട്ടിപ്പ് സംഘത്തിന് നൽകുന്ന രേഖകളിൽ നിന്ന് ബാങ്കിംഗ് വിവരങ്ങൾ ശേഖരിച്ച് ക്രമക്കേടുകൾക്ക് ഉപയോഗിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തിരിച്ചറിയൽ രേഖകളായ ആധാർ, പാൻ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, മാർക്ക് ലിസ്റ്റ്, ഒപ്പ്, ഒ.ടി.പി തുടങ്ങിയവ ഇന്റർനെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാർ ഇവ ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ, സിം കാർഡ് എന്നിവ കരസ്ഥമാക്കുകയോ, ശിക്ഷാർഹമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തേക്കാം.

 തട്ടിപ്പ് ഇങ്ങനെ

പരസ്യത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറ്റ പേജുള്ള വെബ്സൈറ്റിലേക്കാണ് എത്തുക. വാട്സാപ്പ് ഉപഭോക്താവ് അപ് ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകൾ 30ൽ കൂടുതൽ ആളുകൾ കാണുന്നുണ്ടെങ്കിൽ വരുമാനം നേടാമെന്നാണ് പരസ്യം. പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസാക്കണം. ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപ വരെയാണ് വാഗ്ദാനം. വ്യാജ പരസ്യക്കെണിയിൽ വീണ് രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ആദ്യ പടിയായി ബാങ്ക് അക്കൗണ്ട് ശേഖരിക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആയിരക്കണക്കിനാളുകളാണ് ഈ പരസ്യം വിശ്വസിച്ച് തട്ടിപ്പിന് ഇരയായത്.