അമ്പലപ്പുഴ: ദേശീയപാതയോരത്ത് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളിലെ അനധികൃത വാഹന പാർക്കിംഗിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ അനധികൃതമായി റോഡരികിൽ പാർക്കു ചെയ്ത ഇൻസുലേറ്റഡ് ലോറിയിൽ നിന്ന് പിഴയീടാക്കി. ഒരു കോടി 52 ലക്ഷം രൂപ ചെലവിൽ ഈ ഭാഗങ്ങളിൽ നവീകരണത്തിന്റെ ഭാഗമായി ഇന്റർലോക്ക് സ്ഥാപിക്കുന്നത് പുരോഗമിക്കുന്നതിനിടെ ഇൻസുലേറ്റഡ് ലോറി ഉൾപ്പെടെയുള്ള നിരവധി മത്സ്യവാഹനങ്ങൾ ഇവിടെ പാർക്കു ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി.സുധാകരൻ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിരുന്നു.ഇതോടൊപ്പം ഇവിടെ കർശന വാഹന പരിശോധന നടത്താനും പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മന്ത്രി നിർദേശം നൽകി. തുടർന്നാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുജീബ് റഹ്മാൻ, ശരൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇനി മുതൽ റോഡരികിൽ വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്താൽ ഡ്രൈവറുടെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.