ambala

അമ്പലപ്പുഴ : കാഴ്ചയുടെ ലോകം അന്യമാണെങ്കിലും , അതിമധുരമായി ഗാനമാലപിക്കുന്ന യുവാവിന് ലോക കാഴ്ച ദിനത്തിൽ ആദരം ഒരുക്കി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് . കളർകോട് തൂക്കുകുളം മുരിങ്ങനാട്ടു വെളിയിൽ ജയകൃഷ്ണന് (44) കാഴ്ച പൂർണമായും അണഞ്ഞിട്ട് 20 വർഷമാകുന്നു. രണ്ട് സഹോദരങ്ങൾക്കും കാഴ്ചയില്ല.

പത്താം ക്ലാസിൽ പഠിക്കുന്നതു വരെ ജയകൃഷ്ണന് നേരിയ കാഴ്ചയുണ്ടായിരുന്നു. പിന്നീട് കാഴ്ച കുറഞ്ഞുവന്നു.ജയകൃഷ്ണന്റെ ജീവിത സഖിയായ ശോഭക്കും കാഴ്ചക്കുറവുണ്ട്.. രണ്ടു പേർക്കും ലഭിക്കുന്ന വികലാംഗ പെൻഷൻ മാത്രമാണ് ഇവരുടെ ഏക വരുമാനം. കാഴ്ചയുടെ ലോകം അന്യമാണെങ്കിലും എല്ലാ കാര്യവും ജയകൃഷ്ണൻ സ്വയമാണ് ചെയ്യുന്നത്. സംഗീതം കൂടപ്പിറപ്പാണ് ജയകൃഷ്ണന്. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ജയകൃഷ്ണനെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സലിം കൂരയിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ് നിസാർ വെള്ളാപ്പള്ളി, സെക്രട്ടറിമാരായ നസീം ചെമ്പകപ്പള്ളി, ജി.ജിനേഷ്, ട്രഷറർ ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പ് എന്നിവർ പങ്കെടുത്തു.