ആലപ്പുഴ:പണ്ടൊക്കെ വീട്ടുമുറ്റത്ത് ഉച്ചവെയിലിന്റെ വിയർപ്പിൽ കുളിച്ച ഒരു വിളി മുഴങ്ങുമായിരുന്നു - ''പോസ്റ്റ് !''...കാലം കുറേ ചെന്നപ്പോൾ സൈക്കിൾ മണിയായി...പോസ്റ്റ് കാർഡും ഇൻലാൻഡ് ലെറ്ററും കവറും മണിഓർഡറുമായി എത്തുന്ന പോസ്റ്റ്മാന് വേണ്ടി എന്തെന്തു കാത്തിരിപ്പായിരുന്നു. എഴുതുന്ന കത്തുകൾ എത്രകാതം നടന്നാണ് തപാൽപെട്ടിയിൽ നിക്ഷേപിക്കുക.എല്ലാം ഓർമ്മകൾ. വാട്ട്സ് ആപ്പും ഫേസ്ബുക്കും ഇ മെയിലും കൊടികുത്തി വാഴുമ്പോൾ തഴയപ്പെട്ടത് പാവം തപാൽപെട്ടികൾ.
ആലപ്പുഴ നഗരത്തിൽ വഴിച്ചേരി വാർഡിലുള്ള ഹെഡ് പോസ്റ്റോഫീസ് മുറ്റത്ത് ചെറുതൂണുപോലെ നിൽക്കുന്നൊരു പേടകമുണ്ട്. 'ട്രാവൻകൂർ അഞ്ചൽ' എന്ന് ഇംഗ്ളീഷിലും 'അഞ്ചൽ എഴുത്തുപെട്ടി' എന്നു മലയാളത്തിലും എഴുത്തുണ്ട്. പെട്ടിയുടെ പുറത്ത് രാജ മുദ്രയായ ശംഖ്. നൂറ്റാണ്ടുകൾ
പഴക്കമുള്ള തിരുവിതാംകൂർ അഞ്ചലിന്റെ സ്‌മാരകം.
തിരുവിതാംകൂറിലെ ആദ്യ അഞ്ചൽ ഓഫീസ് വാണിജ്യ കേന്ദ്രമായിരുന്ന ആലപ്പുഴയിലായിരുന്നു. 1852-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ് തുറന്നത്
വാണിജ്യ സംബന്ധമായി കത്തിടപാടുകൾ ആവശ്യമായതിനാലാവണം ആലപ്പുഴ തിരഞ്ഞെടുത്തതും.
പുരാതന രേഖകൾ പ്രകാരം 1760-ൽ രാമവർമ്മ മഹാരാജാവ് തിരുവിതാംകൂർ അഞ്ചലിന് തുടക്കം കുറിച്ചു. അത് രാജകുടുംബത്തിനും ഭരണ ആവശ്യങ്ങൾക്കുമായിരുന്നു. 1783-ൽ ഇത് പരിഷ്കരിച്ചു. കൊട്ടാരത്തിൽ നിന്ന് പൂജാ സാധനങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അവിടെ നിന്നുള്ള സാധനങ്ങൾ തിരിച്ചും എത്തിക്കുകയായിരുന്നു മുഖ്യ ദൗത്യം.
1791-ൽ കൊച്ചി രാജ്യത്തും അഞ്ചൽ സമ്പ്രദായം തുടങ്ങി. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി മുതൽ കോട്ടയം വരെയുള്ള ദേശങ്ങളായിരുന്നു ഇതിന്റെ പരിധിയിൽ.1860 ആയപ്പോഴേക്കും പൊതുജനങ്ങൾക്കും സേവനം ലഭ്യമായി.
തലവൻ മേൽവിചാരിപ്പ്
അഞ്ചൽ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക നാമം 'മേൽവിചാരിപ്പ്'( പോസ്റ്റൽ സൂപ്രണ്ട്).വിവിധ ശാഖകളിലിരിക്കുന്നവർ 'അഞ്ചൽപിള്ള' (പോസ്റ്റ് മാസ്റ്റർ).വാഹന സൗകര്യമില്ലാത്തതിനാൽ കുറിമാനങ്ങളും പാഴ്സൽ സാധനങ്ങളും എത്തിക്കേണ്ടവരാണ് അഞ്ചലോട്ടക്കാർ.
കുടമണികെട്ടിയ കുന്തവും കൈയിൽ തുകൽ സഞ്ചിയുമായി നാട്ടുവഴികളിലൂടെ നിത്യവും പാഞ്ഞുപോയിരുന്ന മനുഷ്യരൂപം പുതുതലമുറയ്ക്ക് കേട്ടുകേൾവിയാണ്.വിശേഷങ്ങളും വിലപ്പെട്ട വസ്തുക്കളും ഒരിടത്തു നിന്ന് മറ്റൊരു ദേശത്തേക്ക് ഉത്തരവാദിത്വത്തോടെ എത്തിക്കുന്നവരായിരുന്നു ഈ 'അഞ്ചലോട്ടക്കാർ'. ഓട്ടത്തിനിടയിൽ വിശ്രമിക്കാൻ കളിത്തട്ടുകൾ ഉണ്ടായിരുന്നു. ദാഹം അകറ്റാൻ തണ്ണീർ പന്തലുകളും. ഇവർക്കെല്ലാം ശമ്പളം ഖജനാവിൽ നിന്നായിരുന്നു. പിന്നീട് പൊതുജനങ്ങൾക്ക് വിശേഷങ്ങൾ കൈമാറാൻ അഞ്ചൽ സംവിധാനം വന്നു. അതാണ് പിന്നെ പോസ്റ്റൽ വകുപ്പായത്.
ആലപ്പുഴയിൽ പെരുമ്പളം പോസ്റ്റോഫീസിലാണ് ശേഷിക്കുന്ന മറ്രൊരു അഞ്ചൽപ്പെട്ടി സൂക്ഷിച്ചിട്ടുള്ളത്.