
തുറവൂർ : തുറവൂർ - തൈക്കാട്ടുശേരി റോഡിൽ മന്നത്ത് ക്ഷേത്രത്തിന് സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. പ്രദേശത്ത് പൈപ്പുപൊട്ടൽ തുടർക്കഥയാണെന്ന് നാട്ടുകാർ പറയുന്നു. പമ്പിംഗ് സമയത്ത് റോഡിൽ വൻതോതിൽ ശുദ്ധജലം ഒഴുകും. റോഡ് പൊളിച്ചാലേ അറ്റകുറ്റപ്പണികൾ നടത്താനാകൂവെന്നും അതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പ്രശ്ന പരിഹാരം വൈകുന്നതിനു പിന്നിലെന്നുമാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. പ്രധാന പൈപ്പിൽ നിന്നും വെള്ളം കുത്തിയൊഴുകി റോഡ് തകർന്ന് ഗർത്തം രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നു. നടപ്പാതയില്ലാത്ത തിരക്കേറിയ റോഡിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ കാൽനടക്കാർ റോഡിന് നടുക്ക് കയറി നടക്കേണ്ട അവസ്ഥയാണുള്ളത്.