ചേർത്തല: ജലജീവൻ പദ്ധതിയിൽ തണ്ണീർമുക്കത്തെ മറ്റ് പഞ്ചായത്തുകൾ മാതൃകയാക്കണമെന്ന് മന്ത്റി പി.തിലോത്തമൻ പറഞ്ഞു.പഞ്ചായത്ത് വെർച്വൽ ട്രെയിനിംഗ് ഹാളിൽ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. 4200 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആധാർകാർഡ് മാത്രം സമർപ്പിച്ചാൽ കുടിവെളളം വീട്ടിൽ എത്തും. ടാപ്പും മീറ്ററും ഉൾപ്പെടെ അഞ്ച് മീറ്റർ പൈപ്പ് ലൈൻ വലിച്ചാൽ 700 രൂപയ്ക്ക് കണക്ഷൻ ലഭ്യമാകും.പദ്ധതിക്കുളള ഗുണഭോക്തൃപട്ടിക ആദ്യം സമർപ്പിച്ച തണ്ണീർമുക്കം പഞ്ചായത്തിൽ സംസ്ഥാനത്ത് പദ്ധതിക്കാദ്യമായി തുടക്കമിട്ടു.2021 മാർച്ച് മാസത്തിനുളളിൽ സമ്പൂർണ്ണകുടിവെളള പദ്ധതി തണ്ണീർമുക്കത്ത് നടപ്പിലാക്കുകയാണ് ലക്ഷ്യം. വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ വി.എം.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.