എടത്വാ: കാലവർഷക്കെടുതി തുടങ്ങുന്നതിന് ഒരു മാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസം അപേക്ഷയിൽ ഒതുങ്ങി.

വെള്ളപ്പൊക്കം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ദുരിതബാധിതരുടെ കൈയിൽ നിന്ന് അപേക്ഷ വാങ്ങിയതല്ലാതെ റവന്യുവകുപ്പ് തുടർനടപടി സ്വീകരിച്ചില്ല. കൊവിഡ് കാരണം ക്യാമ്പുകൾ തുടങ്ങിയില്ലെങ്കിലും പലരും ബന്ധുവീടുകളിൽ അഭയം തേടിയിരുന്നു. കഴിഞ്ഞ പ്രളയശേഷം അടിയന്തിര സഹായം പോലും ലഭിക്കാത്തവരാണ് അധികവുമുള്ളത്. വീട് തകർന്നവരും, കാർഷിക നാശനഷ്ടം സംഭവിച്ചരും ഇക്കൂട്ടത്തിലുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനാൽ ജനപ്രതിനിധികളും ദുരിതബാധിതരുടെ അപേക്ഷകൾക്ക് താല്പര്യം കാട്ടുന്നില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക നാശനഷ്ടം വിലയിരുത്തി അടിയന്തിര സഹായം നൽകണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയ്സപ്പൻ മത്തായി ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു.