ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ ജനകീയ ജീവകാരുണ്യ പദ്ധതി 'വിശപ്പുരഹിത ചേർത്തല' ഇന്ന് 1000 ദിവസം തികയ്ക്കും. ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെയും നിരാലംബരും അവശരുമായ 300 പേർക്ക് ഉച്ചഭക്ഷണം വീടുകളിൽ എത്തിക്കുന്ന പദ്ധതിയുടെ ഒരുമാസം നീളുന്ന വിജയാഘോഷം മന്ത്റി പി തിലോത്തമൻ ഉദ്ഘാടനംചെയ്യും. രാവിലെ 10ന് സാന്ത്വനം ഹാളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചേരുന്ന യോഗത്തിൽ എ.എം.ആരിഫ് എം.പി അദ്ധ്യക്ഷനാകും.

നൂറുകണക്കിന് രോഗികൾക്ക് സാന്ത്വനവും ഗൃഹകേന്ദ്രീകൃത പരിചരണവും ശാസ്ത്രീയമായി ലഭ്യമാക്കുന്ന കാരുണ്യ പ്രവർത്തനത്തിലൂടെയായിരുന്നു സൊസൈ​റ്റിയുടെ തുടക്കം. ഇതിനിടെയാണ് പലവിധ കാരണങ്ങളാൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുണ്ടെന്ന് കണ്ടെത്തിയതും ഇവർക്ക് സഹായം എത്തിക്കാനും തീരുമാനിച്ചത്.കാരുണ്യമതികളുടെ പങ്കാളിത്തത്തോടെ വിഭവങ്ങൾ സമാഹരിച്ച് സൊസൈ​റ്റി ആസ്ഥാനത്തെ അടുക്കളയിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണം 20 കിലോമീ​റ്റർവരെ ദൂരെവരെയുള്ള ഗുണഭോക്താക്കൾക്ക് എത്തിക്കുന്നത്.11 മേഖലാ കമ്മി​റ്റികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി 1000 ദിവസം പിന്നിടുന്ന ഘട്ടത്തിൽ മേഖലാ കമ്മി​റ്റികളുടെ നേതൃത്വത്തിൽ ഒരുമാസം നീളുന്ന പരിപാടികൾ നടത്തും. മെഡിക്കൽ ക്യാമ്പ്, ബോധവത്ക്കരണ പരിപാടികൾ എന്നിവയാണ് സംഘടിപ്പിക്കുകയെന്ന് സൊസൈ​റ്റി പ്രസിഡന്റ് കെ.രാജപ്പൻനായരും സെക്രട്ടറി പി.എം.പ്രവീണും അറിയിച്ചു.