
മാതൃകാ പ്രവർത്തനങ്ങളുമായി അങ്കണവാടി ജീവനക്കാർ
ആലപ്പുഴ: കൂട്ടുകാരില്ലാതെ വീടുകളിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന കുരുന്നുകളെ ഓൺലൈൻ വഴി ഉഷാറാക്കാൻ വിവിധ പദ്ധതികളുമായി അങ്കണവാടി പ്രവർത്തകർ രംഗത്ത്. കേരളത്തിലെ അങ്കണവാടികൾക്ക് 45 വയസ് തികയുന്നതിന്റെ ആഘോഷം കൂടിയാണ് പുതിയ പ്രവൃത്തികളിലൂടെ നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തിലും അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ വിതരണം കൃത്യമായി ജില്ലയിൽ നടക്കുന്നുണ്ട്.ആദ്യ ഘട്ടത്തിൽ അതത് സെക്ടറിലെ വർക്കർമാരും ഹെൽപ്പർമാരും നേരിട്ടായിരുന്നു ഭക്ഷണ വിതരണം നടത്തിയത്. താത്പര്യമുള്ള രക്ഷിതാക്കൾക്ക് അങ്കണവാടിയിൽ നേരിട്ടെത്തി ഭക്ഷണ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണിന് ശേഷം തിങ്കൾ,വ്യാഴം ദിവസങ്ങളിലായിരുന്നു പ്രവർത്തനം. പിന്നീടിത് മൂന്ന് ദിവസമാക്കി. കുട്ടികൾ വരുന്നില്ലെങ്കിലും, 45 വർഷ ആഘോഷത്തോടനുബന്ധിച്ച് ഇൗ മാസം മുതൽ എല്ലാ ദിവസവും അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ട്.
കുട്ടികളുടെ വിവിധ കലാപരിപാടികളുടെ വീഡിയോ, ഒരേ അങ്കണവാടിയിൽ മുത്തശി മുതൽ പേരക്കുട്ടി വരെ പഠിച്ച അനുഭവങ്ങൾ, ജില്ലയിലെ പ്രമുഖ വ്യക്തികളുടെ ആശംസകൾ, സിനിമാതാരങ്ങളുടെ സംഭാഷണ പരിപാടികൾ എന്നിവയും തയ്യാറാക്കും. 'അങ്കണവാടി എന്റെ മലർവാടി' എന്ന ഉപന്യാസ മത്സരവും നടത്തുന്നുണ്ട്. ഒാൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് രസകരമാക്കുകയാണ് ലക്ഷ്യം. ഒാൺലൈൻ ക്ലാസുകൾ ഫലവത്താക്കാൻ ജില്ലയിലെ എല്ലാ അങ്കണവാടി അദ്ധ്യാപകർക്കും സ്മാർട്ട് ഫോണുകൾ നൽകിയിട്ടുണ്ട്. കുട്ടികളുടെ വിവരങ്ങൾക്കു പുറമേ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്ത് സാമൂഹ്യക്ഷേമ വകുപ്പിന് നൽകണം. മുലയൂട്ടുന്ന അമ്മമാർക്കും കൗമാരക്കാർക്കും മൂന്നുവയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും പോഷകാഹാരങ്ങൾ വീട്ടിലെത്തിക്കുന്നുണ്ട്.ജില്ല വനിത ശിശുവികസന ഒാഫീസറുടെ ഏകോപനത്തിൽ പ്രോഗ്രാം ഒാഫീസർമാർ,സി.ഡി.പിമാർ,സൂപ്പർവൈസർമാർ എന്നിവരാണ് ഇൗ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അങ്കണവാടികൾക്ക് അവധി നൽകിയ സാഹചര്യത്തിൽ കുട്ടികൾക്കാവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
കിളിക്കൊഞ്ചൽ
അങ്കണവാടി കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെ 10 ന് വിക്ടേഴ്സ് ചാനലിൽ കിളിക്കൊഞ്ചൽ ക്ലാസുകൾ നടക്കും. ഒാരോ തീം അനുസരിച്ചാണ് ക്ലാസുകൾ. ഇതിൽ കഥകൾ, പാട്ടുകൾ, കളികൾ എന്നിവ ഉണ്ടാകും. കൂടാതെ അതത് സെക്ടറിലെ അദ്ധ്യാപകരുടെ ഒാൺലൈൻ ക്ലാസുകളുമുണ്ട്. കുട്ടികളുടെ വീഡിയോകൾ അദ്ധ്യാപകർ ഗ്രൂപ്പിൽ ഷെയർ ചെയ്യും.
ഭക്ഷണ ക്രമം
 പ്രീ സ്കൂൾ കുട്ടികൾക്ക്: അമൃതം പൊടി, അരി,നുറുക്ക് ഗോതമ്പ്,ശർക്കര,എള്ള്,പൊട്ടുകടല, ചെറുപയർ,വെളിച്ചെണ്ണ.
 3 വയസിന് താഴെ കുട്ടികൾക്ക്: അമൃതം പൊടി
 ഗർഭിണികൾക്ക്: നുറുക്ക് ഗോതമ്പ്,ശർക്കര,എള്ള്,പൊട്ടുകടല, ചെറുപയർ,വെളിച്ചെണ്ണ.
 മുലയൂട്ടുന്ന അമ്മമാർക്ക്: നുറുക്ക് ഗോതമ്പ്,ശർക്കര,എള്ള്,പൊട്ടുകടല, ചെറുപയർ,വെളിച്ചെണ്ണ.
 അങ്കണവാടികൾ.............2150
 സ്വന്തമായുള്ള കെട്ടിടങ്ങൾ.........1089
 വാടക കെട്ടിടങ്ങൾ................1061
കൊവിഡിലും അങ്കണവാടികളുടെ പ്രവർത്തനം ഉൗർജിതമായാണ് നടക്കുന്നത്. കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരങ്ങൾ നൽകുന്നതിന് മുടക്കം വരുത്തിയിട്ടില്ല. കിളിക്കൊഞ്ചൽ കൂടാതെ കുട്ടികൾക്കുള്ള രസകരമായ ഒാൺലൈൻ ക്ലാസും നൽകുന്നുണ്ട്
(ലേഖ,സി.ഡി.പി, ആലപ്പുഴ അർബൻ)