s

ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാംകൃഷിയുടെ വിളവെടുപ്പ് തുടങ്ങിയെങ്കിലും കൊയ്ത്ത് യന്ത്രങ്ങൾ വേണ്ടത്ര എത്താത്തത് കർഷകരെ ആശങ്കയിലാക്കുന്നു. അപ്രതീക്ഷിതമായെത്തിയ മഴയാണ് മറ്റൊരു ഭീഷണി. കൊയ്ത്തിന് പാകമായ പല നിലങ്ങളിലും മഴമൂലം നെല്ല് നിലംപൊത്തിയിരുന്നു.

നെല്ല് വീണുകഴിഞ്ഞാൽ കൊയ്ത്തിന് കൂടുതൽ സമയമെടുക്കും ഇത് കർഷകരുടെ ചിലവ് വർദ്ധിപ്പിക്കും. മാത്രമല്ല നിലങ്ങളിൽ വെള്ളക്കെട്ടായാൽ കൊയ്ത്ത് യന്ത്രം താഴാനും സാദ്ധ്യതയുണ്ട്.കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം 5300 ഹെക്ടറിലാണ് ഇക്കുറി രണ്ടാം കൃഷി ഇറക്കിയിട്ടുള്ളത്. സമയം തെറ്റി എത്തിയ കാലവർഷം മൂലം ചില പാടശേഖരങ്ങളിൽ മടവീണ് കൃഷി നശിച്ചു.കൊയ്ത്ത് സുഗമമാക്കാനും ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാനും നേരത്തെ ജില്ലാ കളക്ടർ പാടശേഖര സമിതികളുടെ യോഗം വിളിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തടസമില്ലാതെ കൊയ്ത്ത് നടത്താൻ പഞ്ചായത്ത് തല സമിതികളും രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പർമാർ, കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്. ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടത്തേണ്ടത്.

യന്ത്രങ്ങൾക്ക് ഡിമാൻഡ്

കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആറ് കൊയ്ത്ത് യന്ത്രങ്ങളും അമ്പലപ്പുഴ ബ്ളോക്കിന്റെ കൈവശമുള്ള രണ്ട് യന്ത്രങ്ങളുമാണ് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് സാധാരണ യന്ത്രങ്ങൾ എത്തിക്കാറുള്ളത്.പാടശേഖര സമിതികളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഏജന്റുമാരാണ് ഇവ കൊണ്ടുവരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ നല്ലൊരു ശതമാനം യന്ത്രഉടമകളും ഇവിടേക്ക് വരാൻ സന്നദ്ധത കാട്ടുന്നില്ല. ആന്റിജൻ ടെസ്റ്റ് നടത്തി അതിന്റെ ഫലവുമായി വേണം വരാൻ എന്ന നിബന്ധന മൂലമാണ് മിക്കവരും വിമുഖത കാട്ടുന്നത്.

ആന്റിജൻ ടെസ്റ്റ് നടത്തി ഫലവുമായി എത്തുന്ന കൊയ്ത് യന്ത്രക്കാർക്ക് മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കാത്ത വിധത്തിൽ താമസസൗകര്യം ഒരുക്കേണ്ടത് പഞ്ചായത്ത് തല സമിതികളാണ്. നിശ്ചിത ഇടവേളകളിൽ ഇവർക്ക് വേണ്ട പരിശോധനയും നടത്തണം.

നിരക്കിൽ തൃപ്തി പോരാ

ഒരു മണിക്കൂറിന് 2200 രൂപയാണ് കൊയ്ത്ത് യന്ത്രങ്ങൾക്ക് നിജപ്പെടുത്തിയിട്ടുള്ള മിനിമം കൂലി.നെല്ലു വീണിട്ടില്ലെങ്കിൽ സാധാരണ ഒരു മണിക്കൂറിൽ ഒന്നര ഏക്കർ നിലം കൊയ്യാം. എന്നാൽ നിലത്തിൽ വെള്ളമുണ്ടെങ്കിലോ, നെല്ല് വീണുകിടന്നാലോ ഈ വേഗം കിട്ടില്ല.പാലക്കാട്ട് കൊയ്ത്ത് കഴിഞ്ഞ് യന്ത്രങ്ങൾ വേണ്ടത്ര കിടപ്പുണ്ട്. ഇപ്പോൾ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ചാർജ്ജ് നൽകണമെന്ന ആവശ്യം ചില ഏജന്റുമാർ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന് പാടശേഖര സമിതികൾ തയ്യാറല്ല. 80-90 യന്ത്രങ്ങളെങ്കിലും ഉണ്ടെങ്കിലേ ഇപ്പോഴത്തെ സ്ഥിതിക്ക് കൊയ്ത്ത് യഥാസമയം തീർക്കാനാവൂ.