s

ആലപ്പുഴ: പുഞ്ചകൃഷിക്കുള്ള വിത്ത് ഒക്ടോബർ ഒന്നു മുതൽ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും കർഷകരുടെ കാത്തിരിപ്പ് തുടരുന്നു. കൃഷി ഓഫീസുകളിൽ സമീപിക്കുമ്പോൾ, വിത്ത് ഉടൻ എത്തുമെന്ന സ്ഥിരം പല്ലവിയാണ് കേൾക്കാനുള്ളത്. കുട്ടനാട്ടിലെ ഭൂരിഭാഗം നിലങ്ങളും വിതയ്ക്കാനുള്ള തയാറെടുപ്പിൽ വെള്ളം കയറ്റിയിട്ടിരിക്കുകയാണ്. വിത്ത് സമയത്തിന് ലഭ്യമാക്കുന്നതിനൊപ്പം അവയുടെ അളവിൽ വർദ്ധനവ് വരുത്താനും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഒരു ഏക്കറിന് 30 കിലോഗ്രാം ഡി വൺ ഇനത്തിലെ വിത്താണ് കർഷകർക്ക് ലഭിക്കുന്നത്.എന്നാൽ മികച്ച വിളവ് ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 50 കിലോ വിത്തെന്ന കണക്കിൽ ലഭിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചിരുന്ന വിത്തിന് ഗുണനിലവാരമില്ലാത്തതിനാൽ പല കർഷകരും ഇവ ഉപയോഗിക്കാതെ മാറ്റി വെച്ചതായും പരാതിയുണ്ട്. സർക്കാർ സബ്സിഡി നിരക്കിൽ വിത്ത് വിതരണം ചെയ്യുന്നതിന് പകരം, കൃഷിക്കാർ സ്വയം വിത്തുണക്കി എടുക്കാനുള്ള സംവിധാനം തിരിച്ചു വന്നാൽ ഗുണനിലവാരമില്ലെമെന്ന പ്രശ്നത്തിൽ നിന്ന് മോചനം ലഭിക്കും. ഇതിനുള്ള സാമ്പത്തിക സഹായം സർക്കാരിൽ നിന്നും ലഭിക്കണം. മടവീഴ്ച്ച മൂലം കൃഷി നഷ്ടമുണ്ടായ വിവിധ പാടശേഖരങ്ങളാണ് പുതിയ വിത്താനായി കാത്തിരിക്കുന്നത്. ഇതിനിടെ സർക്കാരിൽ നിന്ന് വിത്ത് വാങ്ങി, കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുന്നവരുമുണ്ട്. കുട്ടനാട്ടിൽ വൻകിട കൃഷിക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഭൂരിഭാഗം പേരും നിലം പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. ഇവിടെയും കള്ളപ്പണം വെളുപ്പിക്കാനെത്തുന്ന ലോബികളുടെ സാന്നിദ്ധ്യമുണ്ടെന്ന് ആരോപണമുണ്ട്. കൂടിയ പാട്ടത്തുക നൽകി ഇവർ നിലം സ്വന്തമാക്കുന്നതോടെ സാധാരണ കർഷകർക്ക് വിതയിറക്കാൻ സ്ഥലം കിട്ടാറില്ലെന്നും പരാതിയുണ്ട്.

കാർഷിക കലണ്ടർ വേണം

പണ്ട് കാലങ്ങളിൽ തുലാമാസം ഒന്നിന് വിതയിറക്കുന്നതാണ് പതിവ്. നല്ല മഴ കൂടി ലഭിക്കുന്നതിൽ ഫെബ്രുവരി മാസത്തോടെ പുഞ്ചകൃഷിയിൽ മികച്ച വിളവ് ലഭിക്കുമായിരുന്നു. കാലക്രമേണ ഈ ശീലത്തിന് മാറ്റം വന്നതോടെ വിതയും കൊയ്ത്തുമെല്ലാം താളം തെറ്റി. രണ്ടാം കൃഷി ഇറക്കിയ ഏതാനും പാടശേഖരങ്ങളിൽ ഇനിയും കൊയ്ത്ത് നടന്നിട്ടില്ല. ഇവിടങ്ങളിൽ മുഞ്ഞബാധയും തലപൊക്കിയിട്ടുണ്ട്. കൃത്യ സമയത്ത് വിത്ത് വിതയ്ക്കാൻ കഴിയാത്തതിനാൽ കൊയ്ത്തും ആനുപാതികമായി വൈകും. വിത്തിന് വേണ്ടി കാത്ത് കിടന്ന് കൃഷി ഇറക്കാൻ കാലം തെറ്റുന്നതും പല വർഷങ്ങളിലും പതിവാണെന്ന് കർഷകർ പറയുന്നു. കൃത്യമായ കാർഷിക കലണ്ടർ നിലവിൽ കൊണ്ടുവരികയും, കലണ്ടറിന് വിരുദ്ധമായി കൃഷി ഇറക്കുന്നവർക്ക് ആനൂകൂല്യങ്ങൾ നൽകില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്താൽ സമയബന്ധിതമായി കാര്യങ്ങൾ മുന്നോട്ട് പോകും.

................................................

ജില്ലയിൽ ആകെ : 38000 ഏക്കർ നിലം

പുഞ്ച കൃഷി ഇറക്കുന്നത്: 28000 ഏക്കറിൽ

............................

ചെലവ്

ഒരു ഏക്കറിന് ചുരുങ്ങിയത് 30,000 രൂപ പാട്ടം നൽകണം.

ഇതുൾപ്പടെ കൃഷി ചെലവ് 50,000 ത്തിന് മുകളിലാവും

കർഷകരുടെ ആവശ്യം

ഗുണമേന്മയുള്ള വിത്ത് വേണം

 വിത്ത് സമയത്ത് ലഭിക്കണം

ഏക്കറിന് 50 കിലോ വിത്ത് ലഭ്യമാക്കണം

......................................

വിത്ത് എത്തിത്തുടങ്ങി. വൈകാതെ കർഷകരിലേക്ക് എത്തിക്കാനാവും - കൃഷി വകുപ്പ്