
ആലപ്പുഴ: ആദ്യ ഹരിത സി.ഡി.എസ് ഓഫീസെന്ന ഖ്യാതി ആലപ്പുഴ നഗരസഭയിലെ കുടുംബശ്രീക്ക് സ്വന്തം. സി.ഡി.എസ് ഓഫീസ് പ്രവർത്തിക്കുന്ന വനിതശ്രീ കെട്ടിടത്തിന് മുന്നിലെ സിമന്റ് തറയിൽ ലഭ്യമായ സ്ഥലത്ത് ഗ്രോ ബാഗുകളിൽ വെണ്ടയ്ക്ക, പയർ, പാവൽ, ചീര, തക്കാളി, പച്ചമുളക് തുടങ്ങി എല്ലാത്തരം പച്ചക്കറികളും വിളയിച്ച് മാതൃകയാവുകയാണ് സി.ഡി.എസ് ഭാരവാഹികൾ. നഗരസഭാ സെക്രട്ടറി കെ.കെ. മനോജാണ് സി.ഡി.എസ് ഓഫീസിനെ ഹരിത ഓഫീസാക്കി മാറ്റുക എന്ന ആശയം മുന്നോട്ടു വച്ചത്. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ കാനകൾ വൃത്തിയാക്കിയപ്പോൾ കോരിവെച്ചിരുന്ന മണ്ണ് ഗ്രോബാഗുകളിൽ നിറച്ചാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. നല്ലയിനം വിത്തുകൾ കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ മുളപ്പിച്ചെടുത്തു. അറുപതോളം ഗ്രോബാഗുകളിലാണ് രാസവളം ചേർക്കാത്ത പച്ചക്കറികൾ തഴച്ചുവളരുന്നത്.
കാനയിലെ മണ്ണിന് മികച്ച വളക്കൂറുള്ളതിനാൽ അധികവളം നൽകേണ്ടിവരുന്നില്ലെന്ന് നഗരസഭ ആരോഗ്യവിഭാഗം പ്രവർത്തക ഗീത പറയുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിയിടത്തിൽ തന്നെ വിൽപ്പന നടത്താനും വിത്തുകൾ പാകി മുളപ്പിച്ച് ആവശ്യക്കാർക്ക് തൈ വിൽപ്പനയ്ക്ക് എത്തിക്കാനുമാണ് സി.ഡി.എസ് ഭാരവാഹികളുടെ പദ്ധതി. വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഒരു മുറം പച്ചക്കറി ജില്ലാ മിഷൻ കോർഡിനേറ്റർ ജെ.പ്രശാന്ത് ബാബുവിന് നൽകി നിർവ്വഹിച്ചു.
''കാനകളിൽ നിന്ന് കോരിയ മണ്ണുപയോഗിച്ചാണ് കൃഷി. മികച്ച വളക്കൂറുള്ളതിനാൽ നല്ല വിളവാണ് പ്രതീക്ഷിക്കുന്നത്. ലഭിക്കുന്ന പച്ചക്കറികൾ തോട്ടത്തിൽ വെച്ച് തന്നെ വിൽപ്പന നടത്താനാണ് ആലോചന
- ലാലി വേണു, സി.ഡി.എസ് ചെയർപേഴ്സൺ