 നിർമ്മാണോദ്ഘാടനം 12 ന്  ചെലവ് 671.66 കോടി

ആലപ്പുഴ : പ്രളയത്തെ അതിജീവിക്കാവുന്ന രീതിയിൽ പുനർനിർമിക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നിർമാണോദ്ഘാടനം 12 ന് രാവിലെ 11.30ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. കൈതവന ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, രജിസ്ട്രേഷൻ മന്ത്റി ജി .സുധാകരൻ അദ്ധ്യക്ഷനാകും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ മന്ത്റി ടി.എം.തോമസ് ഐസക്ക് വിശിഷ്ടാതിഥിയാവും. എം.പി മാരായ എ.എം ആരിഫും കൊടിക്കുന്നിൽ സുരേഷും പങ്കെടുക്കും.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേ​റ്റഡ് ഹൈവേ പദ്ധതിയായാണ് നിർമ്മിക്കുന്നത്. എല്ലാവർഷവും കാലവർഷ സമയത്ത് എ.സി റോഡിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും 15 മുതൽ 20 ദിവസം വരെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്റി ജി സുധാകരൻ മുഖ്യമന്ത്റിയുമായി ചർച്ച ചെയ്തു റോഡ് പുനർ നിർമ്മിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്.

രണ്ട് വരി,14മീറ്റർ വീതി

നവീകരിക്കുന്ന റോഡിനും ഫ്‌ളൈ ഓവറിനും വാഹനഗതാഗതത്തിന് 10 മീ​റ്റർ വീതിയുള്ള രണ്ടുവരി പാതയും ഇരുവശത്തും നടപ്പാതയും കൂടെ 13 മീ​റ്റർ മുതൽ 14 മീ​റ്റർ വരെ വീതിയും ഉണ്ടാകും.

20 കിലോമീ​റ്ററിൽ മൂന്നുതരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിക്കുന്നത്. 2.9 കിലോമീ​റ്റർ ബി.എം.ബി.സി മാത്രം ചെയ്ത് റോഡ് നിലനിർത്തും. രണ്ടാമത്തെ 8.27 കിലോമീ​റ്ററിൽ ജിയോ ടെക്സ്റ്റൈൽ ലെയർ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തെ 9 കിലോമീ​റ്ററിൽ ജിയോഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻകേസ് ചെയ്ത സ്​റ്റോൺ കോളവും ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തലാണ് അവലംബിക്കുക.

എല്ലാവർഷവും മൺസൂൺ സമയത്ത് റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏ​റ്റവും താഴ്ന്ന അഞ്ചു സ്ഥലങ്ങളിൽ ഫ്‌ളൈഓവർ നിർമിക്കും. ഫ്‌ളൈ ഓവറുകൾക്ക് 1.785 കിലോമീ​റ്റർ നീളം.

9 സ്ഥലങ്ങളിൽ ക്രോസ് വേ നൽകിയിട്ടുണ്ട്. ക്റോസ് വേകളുടെ ആകെ നീളം 400 മീ​റ്റർ ആണ്.

പാലങ്ങളിലും നടപ്പാതകൾ

എ.സി റോഡിലെ ഫുട്പാത്ത് ഇല്ലാത്തതും വീതി കുറഞ്ഞതും ആയ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലും പുതുക്കുന്ന റോഡിന്റെ ഘടനയ്ക്ക് അനുസൃതമായി ഇരുവശങ്ങളിൽ നടപ്പാതകൾ ഉൾപ്പെടുത്തി വീതി കൂട്ടുന്നതിനുള്ള ഡിസൈനാണ് നൽകിയിട്ടുള്ളത്. എ.സി കനാലിന്റെ നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ നിലവിലുള്ള മുട്ടാർ ബോക്‌സ് കൾവർട്ടിനെ പൊളിച്ചുമാ​റ്റി പകരം കനാലിനു കുറുകെ 35 മീ​റ്റർ നീളത്തിലുള്ള സ്പാൻ ഉൾപ്പെടുന്ന ഒരു പാലവും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുതും വലുതുമായ പതിമൂന്നോളം പാലങ്ങളും കൾവർട്ടുകളും സ്പാനുകൾ വിപുലീകരിച്ച് പുനർനിർമ്മിക്കാൻ ഉള്ള തുകയും പദ്ധതിയിലുൾപ്പെടുത്തി. 671.66 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേ​റ്റീവ് സൊസൈ​റ്റി, അസർബൈജാൻ കമ്പനി ജോയിന്റ് വെഞ്ചർ ആണ് കരാർ ഏ​റ്റെടുത്തിട്ടുള്ളത്.