ss

ആലപ്പുഴ: കളി സ്ഥലത്തെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് ഹരിപ്പാട് നീണ്ടൂർ ശരത് നിവാസിൽ ശരത്ചന്ദ്രനെ (20) സ്റ്റമ്പിന് തലയ്ക്കടിച്ച് കൊന്ന കേസിൽ ഒന്നും രണ്ടും പ്രതികളെ ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഹരിപ്പാട് മൂലേശേരിൽ ശ്യാംദാസ് (31), ഷാരോൺ ദാസ് (29) എന്നിവരെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മൂന്നും നാലും പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം തടവും വിധിച്ചു. വിചാരണ വേളയിൽ ഇവർ ജയിലിൽ കിടന്ന ദിവസങ്ങൾ ശിക്ഷയിൽ നിന്ന് കുറവു ചെയ്യും.

പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ശരത്ചന്ദ്രന്റെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. 2011 മാർച്ച് 14ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.പി. ഗീത, അഡ്വ. പി.പി. ബൈജു, അഡ്വ. ആര്യാ സദാശിവൻ എന്നിവർ ഹാജരായി.